മൂന്നായി മടക്കി പോക്കറ്റില്‍ വെക്കാം; ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോണ്‍ ഉടന്‍ വരുന്നു

ഒറ്റമടക്കിന് കീശയിലാക്കാവുന്ന ഫോള്‍ഡബിളുകളുടെ കാലം കഴിയുവാണോ? രണ്ടുവട്ടം മടക്കിയ ശേഷം പോക്കറ്റില്‍ വെക്കാവുന്ന ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ ഫോണ്‍ ഉടന്‍ ചൈനീസ് ബ്രാന്‍ഡായ വാവെയ് അവതരിപ്പിക്കും എന്നാണ് സൂചന. 

സെപ്റ്റംബര്‍ 9ന് നടക്കുന്ന ഐഫോണ്‍ 16 സിരീസ് ലോഞ്ചിന് തൊട്ടുപിന്നാലെയാണ് വാവെയ് ടെക് ലോകത്തെ അത്ഭുതപ്പെടുത്താനൊരുങ്ങുന്നത്. മൂന്നായി മടക്കിക്കൂട്ടി കീശയില്‍ വെക്കാവുന്ന ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളുമായാണ് വാവെ‌യ്‌യുടെ വരവ്. സെപ്റ്റംബര്‍ 10ന് നടക്കുന്ന വാവെയ് ഇവന്‍റില്‍ ഈ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ അവതരണമുണ്ടാകും എന്ന് കരുതപ്പെടുന്നു. രണ്ട് തവണ മടക്കാനാവുന്ന തരത്തില്‍ മൂന്ന് സ്ക്രീനുകളാണ് ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളിനുണ്ടാവുക. ഫോണിന്‍റെ കനത്തില്‍ മുന്‍ ഫോള്‍ഡബിളുകളില്‍ നിന്ന് വ്യത്യാസം പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ഐഫോണ്‍ 16 സിരീസിന് വാവെയ്‌യുടെ ട്രൈ-ഫോള്‍ഡ് ഭീഷണിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. 

ചൈനീസ് സാമൂഹ്യമാധ്യമമായ വൈബോ വഴിയാണ് സെപ്റ്റംബര്‍ 10ന് ഇവന്‍റ് നടക്കുന്ന വിവരം വാവെയ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് പരിപാടി തുടങ്ങും. വാവെയ്‌യുടെ ഏറ്റവും നൂതനമായ ഉല്‍പന്നം വരുന്നു എന്നാണ് പരിപാടിക്ക് മുന്നോടിയായി കമ്പനിയുടെ പ്രഖ്യാപനം. എന്നാല്‍ ഏത് മോഡല്‍ സ്‌മാര്‍ട്ട്‌ഫോണാണ് അവതരിപ്പിക്കാന്‍ പോകുന്നത് എന്ന് വാവെയ്‌ വ്യക്തമാക്കിയിട്ടില്ല. അതേസമയം വരാനിരിക്കുന്നത് ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ ഫോണാണ് എന്ന് ടീസര്‍ സൂചന നല്‍കുന്നു. 

സെപ്റ്റംബര്‍ 9നാണ് ആപ്പിള്‍ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ ഐഫോണ്‍ 16 സിരീസ് അവതരിപ്പിക്കുക. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് ഈ ഐഫോണ്‍ സിരീസില്‍ വരിക. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top