ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ, ‘ഭക്തവത്സല’നെ പൊക്കി പൊലീസ്

കാക്കൂർ: കോഴിക്കോട് കാക്കൂരില്‍ ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്. കേസില്‍ കോഴിക്കോട് സ്വദേശി ഭക്ത വല്‍സലന്‍, കാക്കൂര്‍ സ്വദേശി ആസ്യ എന്നിവരാണ് നിലവിൽ പിടിയിലായത്. കോഴിക്കോട് കാക്കൂര്‍ കുമാരസാമിയിലുള്ള വയോധികനായ വ്യാപാരിക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികള്‍ പണം തട്ടിയത്. 

കോഴിക്കോട് സ്വദേശി ഭക്തവല്‍സലന്‍, കാക്കൂര്‍ സ്വദേശി ആസ്യ എന്നിവരാണ് പിടിയിലായ പ്രതികള്‍. ആറുലക്ഷം രൂപയാണ് പ്രതികള്‍ വ്യാപാരിയില്‍ നിന്നും ആവശ്യപ്പെട്ടത്. ഇതില്‍ അമ്പതിനായിരം രൂപ ആദ്യ ഗഡുവായി വാങ്ങുകയും ചെയ്തു. വീണ്ടും തുടര്‍ച്ചയായി വിളിച്ച് പണം ആവശ്യപ്പെട്ടപ്പോഴാണ് സുഹൃത്തിനോട് വ്യാപാരി സംഭവം പറയുന്നത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം പരാതിയുമായി കാക്കൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളുടെ അക്കൗണ്ടിലേക്കാണ് 50000 രൂപ വ്യാപാരി അയച്ചു കൊടുത്തത്. ആസൂത്രിത തട്ടിപ്പില്‍ പങ്കുള്ള രണ്ടു പേര്‍കൂടി പിടിയിലാകാനുണ്ട്. ഇവരും കോഴിക്കോട് ജില്ലക്കാരാണ്. പ്രതികള്‍ സമാനതരത്തിലുള്ള കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top