വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് മൂർച്ച കൂട്ടാൻ ‘ഗോൾഡൻ ഡോം’ പദ്ധതിയുമായി ട്രംപ്. മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോം മാതൃകയിലുള്ള ഈ സംവിധാനം എത്രയും വേഗം പ്രവർത്തികമാക്കാനാണ് ട്രംപിന്റെ നീക്കം.
യുഎസ് സ്പേസ് ഫോഴ്‌സ് ജനറൽ മൈക്കൽ ഗുട്ലെയ്‌നിനെ ദൗത്യത്തിന്റെ തലവനായി ട്രംപ് നിയമിച്ചിട്ടുണ്ട്. പ്രോജക്ടിന്റെ ഡിസൈനും താൻ തിരഞ്ഞെടുത്തെന്ന് ട്രംപ് അവകാശപ്പെട്ടു. റഷ്യ, ചൈന എന്നിവരുടെ ഭീഷണികൾ ഇല്ലാതെയാക്കാനും ‘അമേരിക്കൻ മാതൃഭൂമി’യെ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്നാണ് ട്രംപിന്റെ വിശദീകരണം.
മിസൈലുകൾ കണ്ടെത്തി പ്രതിരോധിക്കാനാണ് ഗോൾഡൻ ഡോം പ്രതിരോധ സംവിധാനം. ഇസ്രയേലിന്റെ അയേൺ ഡോം ആണ് മാതൃക. സർവൈലൻസ് സാറ്റ്ലൈറ്റുകൾ, ഇന്റർസെപ്റ്റർ സാറ്റ്ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് കൂടിയാണ് ഈ പ്രതിരോധ സംവിധാനം പ്രാവർത്തികമാക്കാൻ യുഎസ് പദ്ധതിയിടുന്നത്. 100 ശതമാനം വിജയമായിരിക്കും ഈ സംവിധാനം എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
175 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചിലവ്. മാത്രമല്ല, പദ്ധതി പ്രാവർത്തികമാക്കാൻ വർഷങ്ങളെടുക്കും എന്നാണ് കരുതുന്നത്. നിലവിൽ ജനുവരി 2029ന് മുൻപാകെ പദ്ധതി നടപ്പിലാക്കാമെന്നാണ് കരുതുന്നത്. എന്നാൽ കമ്പനികളെ എങ്ങനെ തിരഞ്ഞെടുക്കുമെന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എങ്കിലും പെന്റഗൺ പദ്ധതിക്കായുള്ള മിസൈലുകൾ, സെൻസറുകൾ, സാറ്റ്ലൈറ്റുകൾ എന്നിവയെല്ലാം നിർമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.
അടുത്ത തലമുറ പ്രതിരോധ പദ്ധതിയായാണ് ഗോൾഡൻ ഡോമിനെ അമേരിക്ക വിഭാവനം ചെയ്യുന്നത്. ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’ എന്നാണ് പ്രതിരോധ വിദഗ്ധർ ഇതിനെ വിളിക്കുന്നത്. സെൻസറുകൾ, ട്രാക്കിങ് ടൂളുകൾ, ഇന്റർസെപ്റ്റർ മിസൈലുകൾ, വിവിധ കമാൻഡ് പ്രവർത്തനങ്ങൾ എല്ലാം ഉള്ളതുകൊണ്ടാണ് ഈ വിളിപ്പേര്.