പ്രിയങ്കയുടെ പത്രിക സമർപ്പണം ആഘോഷമാക്കാൻ കോൺഗ്രസ്, വയനാട്ടിൽ റോഡ് ഷോ, ചേലക്കരയിലും ഇന്ന് പത്രിക സമര്‍പ്പണം

കല്‍പ്പറ്റ: വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വമ്പൻ റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. പത്രികാ സമ‍ർപ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ 11 മണിക്ക് കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം.

പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും.  സോണിയക്കും റോബർട്ട് വദ്രയ്ക്കും മക്കൾക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്. രാഹുലും ഖർഗെയും ഇന്ന് രാവിലെ എത്തും.

അതേസമയം, ചേലക്കരയിൽ മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥികൾ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപ് പത്രിക സമര്‍പ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി ഇടത് സ്ഥാനാർത്ഥി എത്തും. എൻഡിഎ സ്ഥാനാര്‍ഥി കെ.ബാലകൃഷ്ണൻ പതിനൊന്നര മണിക്കും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top