‘സ്ഥിരമായി റീല്‍സ് കാണുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാവും’, അലസമായ ജീവിത ശൈലി; പുതിയ പഠനം

ചെറുപ്പക്കാരുടെയും മധ്യവയസ്കരുടെയും ജീവിതത്തിൽ ഇൻസ്റ്റാഗ്രാം റീൽസ് പോലുള്ള ഹ്രസ്വ വീഡിയോകൾ ഇപ്പോൾ ഒഴിച്ചുകൂടാനാവാത്തവയാണ്. എന്നാല്‍ സ്ഥിരമായി റീല്‍സ് കാണുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ബിഎംസി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

റീല്‍സ് കാണുന്നതിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് രക്തസമ്മര്‍ദ്ദവും കൂടുമെന്ന് പഠനം പറയുന്നു. ബംഗളുരുവിലെ കാര്‍ഡിയോളജിസ്റ്റായ ഡോ ദീപക് കൃഷ്ണമൂര്‍ത്തി ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്.

യുവാക്കളുടെയും മധ്യവയസ്‌കരുടെയും റീല്‍സിനോടുള്ള അമിതാസക്തി രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. ഇവ ഒഴിവാക്കേണ്ട സമയമായി എന്നാണ് ഡോ. ദീപക് കൃഷ്ണമൂര്‍ത്തി എക്‌സില്‍ കുറിച്ചത്.ചൈനയിലെ 4318 യുവാക്കളുടെയും മധ്യവയസ്‌കരുടെയും ഇടയിലാണ് പഠനം നടത്തിയത്. ഇതിലൂടെ അമിതമായി റീല്‍സ് കാണുന്നവര്‍ക്കിടയില്‍ രക്തസമ്മര്‍ദ്ദവും ഹൈപ്പര്‍ ടെന്‍ഷനും ഉയരുന്നതായി കണ്ടെത്തുകയായിരുന്നു.

ഉറങ്ങുന്നതിന് മുമ്പ് സ്ഥിരമായി റീല്‍സ് കാണുന്നത് ശരീരത്തിലെ സിംപതറ്റിക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇതും രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. ഉറങ്ങാന്‍ പോകുന്ന സമയത്ത് റീല്‍സ് കാണുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഗവേഷകര്‍ പറഞ്ഞു.

ഉറങ്ങാന്‍ നേരം സ്ഥിരമായി റീല്‍സ് കാണുന്നതും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും പഠനം വിശകലനം ചെയ്തു. ഉറങ്ങുന്നതിന് മുമ്പ് റീല്‍സ് കാണാനായി ആളുകള്‍ ചെലവഴിച്ച സമയത്തെ അടിസ്ഥാനമാക്കിയാണ് ഈ പഠനം പൂര്‍ത്തിയാക്കിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി. വളരെ അലസമായ ജീവിതശൈലിയാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നതെന്നും ഗവേഷകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top