തെരഞ്ഞെടുപ്പ് ഗോദയിൽ കരുത്ത് കാട്ടി വിനേഷ് ഫോഗട്ട്; ജുലാനയിൽ മുന്നിൽ

ഹരിയാനയിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഒളിംപ്യൻ വിനേഷ് ഫോഗട്ട് ലീഡ് ചെയ്യുന്നു. ജുലാന സീറ്റിൽ മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ് വിനേഷിന്‍റെ എതിരാളി. വേദിയിൽ നിന്നും മെഡൽ നഷ്ടത്തിന്റെ നിരാശയിൽ മടങ്ങി വന്ന വിനേഷ് ഫോഗട്ടിനെ കോണ്‍ഗ്രസ് ചേര്‍ത്തുപിടിച്ച് ജൂലാനയില്‍ രംഗത്തിറക്കുകയായിരുന്നു

വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പാരീസ് ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. പിന്നീട് മടങ്ങിയെത്തിയ വിനേഷ് കോണ്‍ഗ്രസിൽ അംഗത്വമെടുത്തു. ഒപ്പം ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിലെത്തി. പിന്നാലെ ജുലാനയിൽ വിനേഷിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

അതേസമയം ഹരിയാനയിലെ മുന്നേറ്റത്തിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലഡു വിതരണം തുടങ്ങി. മധുരവിതരണം ചെയ്തും പതാകയുമായി നൃത്തം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ഡല്‍ഹിയിലും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വസതിയിലും പ്രവര്‍ത്തകരുടെ ആഘോഷം തുടങ്ങി. അതേസമയം, ഹരിയാനയിലെ ബിജെപി ആസ്ഥാനം ശോകമൂകമായി ആളും ആരവവുമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് ബിജെപി ആസ്ഥാനത്തുള്ളത്.

ഹരിയാനയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും പിന്നിലാവുന്ന സ്ഥിതിയായിരുന്നു ഒരു ഘട്ടത്തില്‍. ആദ്യ മണിക്കൂറില്‍ തന്നെ കോണ്‍ഗ്രസ് വളരെ വ്യക്തമായ ലീഡ് നേടി കേവലഭൂരിപക്ഷം കടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top