ഉന്നത വിദ്യാഭ്യാസ മന്ത്രി ആ ബിന്ദുവിനെ വേദിയില്‍ ഇരുത്തിയാണ് എംഎല്‍എയുടെ കമന്റ്
മലപ്പുറം: സിപിഐഎം പിബി അംഗം എ വിജയരാഘവനും മന്ത്രി ആ ബിന്ദുവും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് രസകരമായ കമന്റുമായി കുറുക്കോളി മൊയ്തീന്‍ എംഎല്‍എ. താനും വിജയരാഘവനും ഒന്നിച്ച് പഠിക്കുന്ന സമയത്താണ് ഈ മുത്തിനെ വിജയരാഘവന്‍ തട്ടികൊണ്ടുപോയതെന്നായിരുന്നു മന്ത്രിയെ ചൂണ്ടികാണിച്ച് തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍ പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആ ബിന്ദുവിനെ വേദിയില്‍ ഇരുത്തിയായിരുന്നു എംഎല്‍എയുടെ കമന്റ്.
‘ആര്‍ ബിന്ദുവിന്റെ ഭര്‍ത്താവ് വിജയരാഘവന്‍ എന്റെ സമശീര്‍ഷ്യനായ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകനാണ്. എന്നേക്കാള്‍ രണ്ടു വയസ് കൂടുതലുണ്ടാകും. ഞാന്‍ അത്ര വയസായിട്ടില്ല. ഞാന്‍ കുറച്ച് ചെറുപ്പമാണ്. എങ്കിലും ഞാന്‍ എംഎസ്എഫും അദ്ദേഹം എസ്എഫ്‌ഐയുമായി ഞങ്ങള്‍ ഒരേ കാലഘട്ടത്തിലാണ് പ്രവര്‍ത്തിച്ചത്. അതിനിടെയാണ് വിജയരാഘവന്‍ ഈ മുത്തിനെ തട്ടികൊണ്ടുപോയത്. ഭാര്യയാക്കി കൊണ്ടുപോയത്. അങ്ങനെ നമ്മുടെ നാട്ടിലെ ഒരു പുതുനാരി കൂടിയാണ് ബിന്ദു മിനിസ്റ്റര്‍ എന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്’, എന്നായിരുന്നു എംഎല്‍എയുടെ പ്രസംഗം.
തിരൂര്‍ ടിഎംജി കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടക്കുന്ന വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് എംഎല്‍എയുടെ പ്രസംഗം. കോളേജിലെ പെണ്‍കുട്ടിയുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ച് തരണമെന്ന അപേക്ഷയും വേദിയില്‍വെച്ച് മന്ത്രിയോട് എംഎല്‍എ നടത്തി.