അജിത്കുമാറിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പി വി അന്‍വറിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണ്ണക്കടത്ത് ആരോപണത്തിന് തെളിവുകള്‍ ഇല്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്.

അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുമെന്ന് നേരത്തെ അന്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഢംബര വീട് നിര്‍മാണം, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്, മലപ്പുറം എസ്പി ക്യാമ്പ് ഹൗസിലെ മരം മുറി തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം ഉണ്ടായിരുന്നത്. വിശദമായ മറ്റ് അന്വേഷണങ്ങളിലേക്ക് സര്‍ക്കാര്‍ വിടുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചത്.

കോടികള്‍ മുടക്കി കവടിയാര്‍ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പിവി അന്‍വറിന്റെ പ്രധാന ആരോപണം. താഴത്തെ കാര്‍ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടമാണ് അജിത് കുമാര്‍ കവടിയാറില്‍ പണികഴിപ്പിക്കുന്നത്. എന്നാല്‍ എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിര്‍മാണമെന്ന് നേരത്തെ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ്.

എം ആര്‍ അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കിയത് വിവാദമായിരുന്നു. വിജിലന്‍സ് അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. എം ആര്‍ അജിത് കുമാറിനൊപ്പം സുരേഷ് രാജ് പുരോഹിതിനെയും ഡിജിപി റാങ്കിലേക്ക് ഉയര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top