ആലപ്പുഴ: കോളജിൽ അടുപ്പം സ്ഥാപിച്ച പെൺകുട്ടിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും അയച്ച യുവാവ് സൈബർ പൊലീസ് പിടിയിലായി. ചങ്ങനാശ്ശേരി വാഴപ്പള്ളി നടുവേലിൽ ഗൗരീസദനം ശ്രീരാജ് (20) ആണ് അറസ്റ്റിലായത്.
വിദ്യാർത്ഥിനിയായ യുവതിയുമായി നേരത്തെ കോളജിൽ പരിചയം ഉണ്ടെന്നു പറഞ്ഞ് അടുപ്പം സ്ഥാപിച്ചശേഷമാണ് ഇയാൾ ദാരുണമായ ശല്യത്തിന് തുടക്കം കുറിച്ചത്. തുടർന്ന് യുവതിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അവയിൽനിന്ന് അശ്ലീല സന്ദേശങ്ങളും ചാറ്റുകളും അയയ്ക്കാൻ തുടങ്ങി.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ്, ഇയാൾ ബന്ധുക്കളുടെ ഫോൺ നമ്പർ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചുവെന്ന് പൊലീസ് കണ്ടെത്തിയത്.സ്ക്രീൻഷോട്ടുകൾ അടക്കമുള്ള തെളിവുകൾ യുവതി പൊലീസിൽ സമർപ്പിച്ചിരുന്നു.
അറസ്റ്റിലായ പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതായി സൈബർ പൊലീസ് അറിയിച്ചു. എസ്.ഐ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ, സി.ഐ ഗിരീഷ് എസ്.ആർ, റികാസ് കെ, വിദ്യ ഒ.കെ എന്നിവർ ചേർന്നാണ് അന്വേഷണ സംഘം രൂപീകരിച്ചത്.