പ്രതിപക്ഷ വിമര്‍ശനം ഫലംകണ്ടു; വിവാദ ലാറ്ററല്‍ എന്‍ട്രി നിയമനനീക്കം പിന്‍വലിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സ്വകാര്യമേഖലയില്‍നിന്ന് 45 ഉദ്യോഗസ്ഥരെ ലാറ്ററൽ എൻട്രി വഴി നിയമിക്കാൻ പ്രസിദ്ധീകരിച്ച പരസ്യം പിന്‍വലിക്കാന്‍ യു.പി.എസ്.സിയോട് ആവശ്യപ്പെട്ട് കേന്ദ്രം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് യു.പി.എസ്.സി. അധ്യക്ഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കി. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

2014-ന് മുമ്പ് നടത്തിയ ഇത്തരം നിയമനങ്ങളില്‍ സ്വജനപക്ഷപാതമടക്കം ആരോപിക്കപ്പെട്ടിരുന്നെങ്കിലും എന്‍.ഡി.എ. സര്‍ക്കാര്‍ സുതാര്യമായ തുറന്ന നടപടികളിലൂടെ വ്യവസ്ഥകള്‍ പാലിച്ചാണ് നടത്തിയതെന്ന് കത്തില്‍ പറയുന്നു. ഭരണഘടനയില്‍ പരാമര്‍ശിക്കപ്പെട്ട തുല്യത, സാമൂഹിക നീതി എന്നീ തത്വങ്ങള്‍ക്ക് അനുസൃതമായേ ലാറ്ററല്‍ എന്‍ട്രി നടത്താവൂ എന്നാണ് പ്രധാനമന്ത്രിയുടെ ഉറച്ച വിശ്വാസം. സംവരണടക്കമുള്ള കാര്യങ്ങള്‍ പ്രത്യേകിച്ചുമെന്നും കത്തില്‍ അവകാശപ്പെടുന്നു.

സംവരണം അട്ടിമറിക്കനാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയെങ്കിലും സഖ്യകക്ഷിമന്ത്രിയായ ചിരാഗ് പസ്വാനും നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിവാദ നീക്കം പിന്‍വലിക്കുന്നത്.

പത്ത് ജോയിന്റ് സെക്രട്ടറിമാര്‍, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലകളില്‍നിന്ന് നിയമിക്കാനായിരുന്നു കേന്ദ്ര തീരുമാനം. ഒന്നര ലക്ഷം മുതല്‍ 2.7 വരേയാണ് ശമ്പളം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി. സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐ.ടി, കോര്‍പ്പറേറ്റ് അഫയേഴ്സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കായിരുന്നു 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top