ന്യൂദല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ഔദ്യോഗിക ഇ-മെയില്‍ ഐ.ഡികള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. ഐ.ടി മന്ത്രാലയം പുതുതായി പുറത്തിറക്കിയ ഇ-മെയില്‍ നയത്തിലാണ് വ്യവസ്ഥകള്‍ വ്യക്തമാക്കിയത്.
ഔദ്യോഗിക ഇ-മെയില്‍ ഐഡികള്‍ ഔദ്യോഗിക ആവശ്യത്തിനോ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടെങ്കിലോ മാത്രമേ മറ്റ് വൈബ്‌സൈറ്റുകളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും വ്യവസ്ഥയുണ്ട്.
ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഗസറ്റില്‍ വിജ്ഞാപനം ചെയ്ത പുതിയ നയത്തില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുകള്‍ എന്നിവര്‍ ഔദ്യോഗിക ഇ-മെയിലുകള്‍ ഉപയോഗിക്കുന്നതിലാണ് പരാമര്‍ശം.
ബുധനാഴ്ചയാണ് കേന്ദ്രം നയം പുറത്തിറക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ നയം അനുസരിച്ച് തങ്ങളുടെ ഔദ്യോഗിക മെയില്‍ ഐഡി ഉപയോഗിച്ച് ഏതെങ്കിലും സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിലോ മറ്റോ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കാര്‍ സംബന്ധിത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഔദ്യോഗിക മെയില്‍ ഐഡികള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാണെന്നും പറയുന്നുണ്ട്.
ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന രണ്ടാമത്തെ ഇ-മെയില്‍ നയമാണിത്. 2015ലായിരുന്നു ആദ്യമായി നയം വിജ്ഞാപനം ചെയ്യുന്നത്. എന്നാല്‍ പുതുതായി വിജ്ഞാപനം ചെയ്ത നയം ഓരു നിയമമല്ലെങ്കിലും നയത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നും കേന്ദ്രം അറിയിച്ചു.
മാറിക്കൊണ്ടിരിക്കുന്ന സാമൂഹികമാധ്യമങ്ങളുടെ സ്ഥിതി അനുസരിച്ച് സൈബര്‍ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും പൊതുവായ അപ്‌ഡേറ്റാണെന്നുമാണ് കേന്ദ്രം അറിയിച്ചത്.