സിനിമാതാരങ്ങൾക്ക് പരിപാടിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും, സാമ്പത്തിക തട്ടിപ്പ് പരാതി ലഭിച്ചില്ല;കമ്മീഷ്ണർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയും പരാതികൾ വന്നിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. സിനിമാതാരങ്ങൾക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോ എന്നതും പരിശോധിക്കും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പരാതി ഇല്ലെന്നും കമ്മീഷ്ണർ മാധ്യമങ്ങളോട് പ്രതികരിച്ചു. മൃദംഗ വിഷനായിരുന്നു പരിപാടിയുടെ സംഘാടകർ. ​ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി നടത്തിയ പരിപാടിയിലാണ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റത്. 

സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായി. കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്ക് നൽകിയ അനുമതിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ്. സംഘാടകരെ ചോദ്യം ചെയ്യുന്നുണ്ട്. പൊലീസിനെ അറിയിച്ചിരുന്നുവെന്നാണ് വിവരം. പരിപാടിക്കായി പൊലീസ് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളിൽ നിന്നും അനുമതി വാങ്ങേണ്ടത് സംഘാടകരാണ്. ഇത് പരിശോധിക്കും. പിഡബ്ല്യുഡി സ്റ്റേജ് കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അവർ റിപ്പോർട്ട് നൽകുമെന്നും കമ്മീഷ്ണർ പറഞ്ഞു.  

അതേസമയം, സംഭവത്തിൽ കേസെടുത്ത പൊലീസ് ഈവെന്റ് മാനേജ്മെന്റ് കമ്പനി ഉടമയെ അറസ്റ്റ് ചെയ്തു. സംഘാടകൻ എന്ന നിലയിൽ മൃദംഗ വിഷന് വേണ്ടി അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്ണകുമാർ ആയിരുന്നു. ഓസ്കാര്‍ ഇവന്‍റ് മാനേജ്മെന്‍റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇവരാണ് കലൂരിൽ പരിപാടി നടത്തിയത്. ഇന്നലെയാണ് ഉമ തോമസ് 14 അടിയോളം ഉയരമുള്ള സ്റ്റേജിന് മുകളിൽ നിന്ന് വീണത്. യാതൊരു മുൻ കരുതലും ഇല്ലാതെ തട്ടികൂട്ടി ഉണ്ടാക്കിയൊരു സ്റ്റേജിൽ നിന്നാണ് അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ മുൻകൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂര്‍ ജാമ്യം തേടി മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഹർജിയിൽ മൃദഗവിഷൻ വ്യക്തമാക്കി. അനിയന്ത്രിതമായ തിരക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയിൽ പറയുന്നു.

ഇതിനിടെ, ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയ്ക്കായി കലൂര്‍ സ്റ്റേഡിയം വിട്ടുകൊടുത്തതിന് ജിസിഡിഎയും സംഘാടകരുമായി ഉണ്ടാക്കിയ കരാരും പുറത്തുവന്നിട്ടുണ്ട്. സംഘാടകരായ മൃദംഗ വിഷന് ജിസിഡിഎ നൽകിയ അനുമതി കരാര്‍ ആണ് പുറത്തുവന്നത്. സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രമാണ് അനുമതി നൽകിയത്. സ്റ്റേജ് ഉൾപ്പെടെയുള്ള അധികനിർമാണത്തിന് അനുമതി തേടിയിരുന്നില്ല. ഗാലറിയിൽ അധികമായി ഉണ്ടാക്കി താല്‍ക്കാലിക സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്. അധികനിർമ്മാണത്തിന് കൊച്ചി കോർപ്പറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നിർദ്ദേശിച്ചിരുന്നു. എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.

കലൂര്‍ സ്റ്റേഡിയത്തിൽ പൊലീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. അതേസമയം, പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകർ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തന്‍റെ ഗൺമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സങ്കടകരമായ അപകടമാണ് എംഎൽഎയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കിയുള്ള മറ്റു പരിപാടികൾ നടത്തിയില്ല. എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top