റഷ്യയുമായുള്ള യുദ്ധത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍മ്മിതബുദ്ധി (എ.ഐ) മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിച്ച് യുക്രൈന്‍. ഡ്രോണുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് യുക്രൈന്‍ എ.ഐ. മോഡലുകള്‍ക്ക് ‘പാഠപുസ്തകങ്ങളാ’ക്കുന്നത്. ഇതുവഴി എ.ഐയുടെ സഹായത്തോടെ യുദ്ധഭൂമിയില്‍ അതിവേഗം തീരുമാനങ്ങളെടുക്കാന്‍ സാധിക്കുമെന്നാണ് യുക്രൈന്‍ പ്രതീക്ഷിക്കുന്നത്.
യുക്രൈനുവേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒ.സി.എച്ച്.ഐ. എന്ന ഡിജിറ്റല്‍ സംവിധാനമാണ് ഡ്രോണ്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതും. 15,000-ത്തിലേറെ ഡ്രോണുകളാണ് യുക്രൈനുവേണ്ടി യുദ്ധത്തിന്റെ മുന്‍നിരയിലുള്ളത്. ഇവയില്‍ നിന്നെല്ലാമായി 20 ലക്ഷം മണിക്കൂര്‍ അതായത് 228 വര്‍ഷം ദൈര്‍ഘ്യമുള്ള യുദ്ധവീഡിയോകളാണ് 2022 മുതല്‍ ശേഖരിച്ചതെന്ന് ഒ.സി.എച്ച്.ഐ. സ്ഥാപകന്‍ ഒലെക്‌സാണ്ടര്‍ ദിമിത്രിയേവ് പറഞ്ഞു.
‘ഇത് എ.ഐയ്ക്ക് പഠിക്കാന്‍ ആവശ്യമായ സുപ്രധാനമായ വിവരങ്ങള്‍ നല്‍കും. ഇതാണ് എ.ഐയുടെ ‘ഭക്ഷണം’. നിങ്ങള്‍ക്ക് ഒരു എ.ഐയെ പഠിപ്പിക്കണമെങ്കില്‍ അതിന് 20 ലക്ഷം മണിക്കൂര്‍ വീഡിയോ നല്‍കൂ. ഇത് അതിനെ അമാനുഷികമാക്കും. ഓരോ ദിവസവും പോരാട്ടത്തിന്റെ അഞ്ചോ ആറോ ടെറാബൈറ്റ് വീഡിയോകളാണ് ഡ്രോണുകളില്‍ നിന്ന് ലഭിക്കുന്നത്.’ -ദിമിത്രിയേവ് പറഞ്ഞു.
അതേസമയം യുദ്ധഭൂമിയില്‍ റഷ്യയും എ.ഐയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നുണ്ട്. ലക്ഷ്യസ്ഥാനം കൃത്യമായി നിര്‍ണയിക്കുന്ന ലാന്‍സെറ്റ് ഡ്രോണുകളാണ് ഇതില്‍ പ്രധാനം. യുക്രൈനിന്റെ കവചിതവാഹനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് ലാന്‍സെറ്റ് ഡ്രോണുകള്‍.