റമദാന്‍ നോമ്പിന്റെ സമയത്തും ഷമി ഗ്രൗണ്ടില്‍ വെള്ളം കുടിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണത്തിന് കാരണമായത്
ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമി പോരാട്ടത്തിനിടെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെയുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് താരത്തിന്റെ പരിശീലകൻ ബദ്‌റുദ്ദീന്‍ സിദ്ദിഖ്. കുറ്റം പറയുന്നവര്‍ ഷമി കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണമെന്നും അതിനപ്പുറം മറ്റ് കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് ബദ്‌റുദ്ദീന്‍ സിദ്ദിഖ് പറഞ്ഞു. ഇസ്ലാം മതത്തെ കുറിച്ച് അറിവില്ലാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും ഇസ്ലാമിൽ ഇത്തരം കാര്യങ്ങളിൽ ഇളവുകളുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കി.
റമദാന്‍ നോമ്പിന്റെ സമയത്തും ഷമി ഗ്രൗണ്ടില്‍ വെള്ളം കുടിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണത്തിന് കാരണമായത്. ദുബായില്‍ നടന്ന മത്സരത്തിനിടയില്‍ ഷമി എനര്‍ജി ഡ്രിങ്ക് പോലുള്ള വെള്ളം കുടിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് മുന്‍ഗണന നല്‍കിയ ഷമിയെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി വിവാദ പരാമര്‍ശവും നടത്തിയിരുന്നു.
നോമ്പുകാലത്ത് വ്രതം അനുഷ്ടിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ വലിയ കുറ്റക്കാരാണെന്നും റസ്വി പറഞ്ഞു. എന്നാല്‍ റസ്വിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് ഷമിയുടെ കുടുംബവും ചില മുസ്ലിം പുരോഹിതന്മാരും രംഗത്തെത്തുകയും ചെയ്തിരുന്നു. താരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് വക്തവ് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. റംസാന്‍ വ്രതം അനുഷ്ഠിക്കാൻ ആരെയും നിര്‍ബന്ധിക്കേണ്ട കാര്യമില്ലെന്നും ഇസ്ലം മതം ഇളവുകള്‍ അനുവദിക്കുന്നുണ്ടെന്നും ഷമ മുഹമ്മദ് പറഞ്ഞു.