റിലീസ് ചെയ്യാൻ ഇനിയും ഏറെ ദിവസങ്ങൾ ബാക്കി നിൽക്കേ ബുക്ക് മൈ ഷോയിലും ആവേശത്തിന് കുറവില്ല
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധനം ചെയ്യുന്ന എമ്പുരാനായി. സിനിമയുടെ ഇതുവരെ വന്ന എല്ലാ അപ്ഡേറ്റുകളും ആരാധകർ വലിയ ആവേശത്തോടെ തന്നെയാണ് സ്വീകരിച്ചതും. ചിത്രം റിലീസ് ചെയ്യാൻ ഇനിയും ഏറെ ദിവസങ്ങൾ ബാക്കി നിൽക്കേ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലും സിനിമയ്ക്കായുള്ള ആവേശത്തിന് കുറവില്ല.
ബുക്ക് മൈ ഷോയില്‍ എമ്പുരാൻ സിനിമയ്‍ക്ക് താല്‍പര്യം പ്രകടിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്. സിനിമയ്ക്കായി ഇതുവരെ 105.3 K ആളുകളാണ് (മാർച്ച് 11 ലെ കണക്ക് പ്രകാരം) ഇന്‍ററസ്റ്റ് പ്രകടിപ്പിച്ചിരിക്കുന്നത്.
അതേസമയം എമ്പുരാന്‍റെ ഒരു എക്സ്ക്ലൂസീവ് ഷോ ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ആശിര്‍വാദ് ഹോളിവുഡിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ജിജു ജോണ്‍ ആണ്. മാര്‍ച്ച് 16 ന് ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ എമ്പുരാന്‍റെ എക്സ്ക്ലൂസീവ് കോൺടെന്റ് പ്രദര്‍ശിപ്പിക്കും. എമ്പുരാന്‍ റിലീസിനോട് അനുബന്ധിച്ച് യുഎസില്‍ ഒരു ഫാന്‍സ് മീറ്റ് അപ്പും സംഘടിപ്പിക്കുന്നുണ്ട്. ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ആശിര്‍വാദ് ഹോളിവുഡിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിടും.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.