പേടിക്കേണ്ട സാഹചര്യമില്ല; ഇപ്പോഴുള്ളത് ശൈത്യകാലത്തെ പ്രശ്‌നം മാത്രമെന്ന് ചൈന

ബെയ്ജിങ്: ചൈനയില്‍ വ്യാപിക്കുന്ന പുതിയ രോഗബാധയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈനീസ് ഭരണകൂടം. ഇപ്പോള്‍ ഉള്ള രോഗങ്ങള്‍ കേവലം തണുപ്പ് കാരണം ഉണ്ടാവുന്നതാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രതികരിച്ചു. മാത്രമല്ല നിലവിലെ ഈ രോഗബാധ കഴിഞ്ഞ ശൈത്യകാലത്തേക്കാള്‍ തീവ്രത കുറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നോര്‍ത്തേണ്‍ ഹെമീസ്ഫിയറില്‍ ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉയരുകയാണ്. എന്നാല്‍ ചൈനയിലെ ചൈനീസ് പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യത്തെക്കുറിച്ച് ചൈനീസ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. ചൈനയില്‍ സഞ്ചരിക്കുന്നത് സുരക്ഷിതമാണ്,’ മാവോ നിങ് പറഞ്ഞു

ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ചൈനയിലെ നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും മാവോ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയിലെ തിങ്ങിനിറഞ്ഞ ആശുപത്രികളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കൊവിഡ് പോലെയുള്ള ഒരു മഹാമാരിയുടെ തുടക്കമാണെന്ന തരത്തില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

ചൈനയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

എച്ച്.എം.പി.വി (ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്) എന്ന രോഗബാധയാണ് ചൈനയില്‍ പടര്‍ന്ന് പിടിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സുരക്ഷയുടെ ഭാഗമായി എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെയും ഉപയോഗിക്കുന്ന പൊതുവായ മുന്‍കരുതലുകള്‍ എടുക്കാനും ചുമയും ജലദോഷവും ഉണ്ടെങ്കില്‍, കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കാനുമാണ്
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി.ജി.എച്ച്.എസ്) ഉദ്യോഗസ്ഥന്‍ ഡോ. അതുല്‍ ഗോയല്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top