‘ആശുപത്രിയിൽ കുറ്റവാളികളുണ്ട്, ഞങ്ങൾക്ക് നീതി വേണം, പ്രതികളെ ഉടൻ പിടികൂടണം’; കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ

കൊൽക്കത്ത : മകൾക്ക് നീതി ലഭിക്കാനായി കേരളത്തിന്റെയടക്കം തെരുവിൽ നടക്കുന്ന പോരാട്ടങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ അച്ഛൻ. മകളെ നഷ്ടപ്പെട്ട ഞങ്ങൾക്ക് നീതി വേണം. മുഖ്യമന്ത്രി മമത ബാനർജിയടക്കം നൽകിയ ഉറപ്പിലാണ് പ്രതീക്ഷ. കേരളത്തിൽ അടക്കം മകൾക്കായി നടക്കുന്ന സമരത്തെ കുറിച്ച് അറിയാം. മകൾ കൊല്ലപ്പെട്ട ആർജി കർ ആശുപത്രിയിൽ കുറ്റവാളികളുണ്ട്. സിബിഐ ഇതുവരെ ഒരു പ്രതിയെയും പിടികൂടിയിട്ടില്ല. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാണ് സിബിഐയോട് പറയാനുള്ളതെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ പറഞ്ഞു.

യുവ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ്. ഇന്ന് കൊൽക്കത്ത നഗരത്തിൽ വ്യാപക പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ആർ ജി കാർ ആശുപത്രി പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  

കൊല്ലപ്പെട്ട പെൺകുട്ടിക്കായി കഴിഞ്ഞ ദിവസം ദില്ലി ജന്ദർ മന്ദറിൽ അടക്കം ഒത്തുചേർന്നത് നൂറോളം ഡോക്ടർമാരാണ്. മെഴുകു തിരികൾ കത്തിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും നീതിക്കായുള്ള മുറവിളികൾ ജന്ദർ മന്ദറിൽ രാത്രി വൈകിയും ഉയർന്നു കേട്ടു. കൊല്ലപ്പെട്ട സുഹൃത്തിന്‍റെ ചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ കത്തിച്ച് പ്രാ‍ർത്ഥന ചൊല്ലിയും ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top