പിഞ്ചുകുഞ്ഞിന്റെ കണ്ണുകൾ ചൂഴ്‌ന്നെടുത്തു,ഹൃദയത്തിലൂടെ വെടിയുണ്ട തുളച്ചുകയറി; മണിപ്പൂരിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

മണിപ്പൂരിലെ ജിബാമിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഒരു കുടുംബത്തിലെ ആറു പേരിൽ മൂന്നുപേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ കൂടി പുറത്തുവന്നു. പത്ത് മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം രണ്ടു കുട്ടികളും അമ്മയും നേരിട്ടത് അതിക്രൂരമായ പീഡനങ്ങളാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൊലപാതകത്തിന്റെ പിന്നിൽ കുക്കികൾ ആണെന്നാണ് ആരോപണം.

കുഞ്ഞിന്റെ കാൽമുട്ടിന് വെടിയേറ്റിരുന്നു രണ്ടു കണ്ണുകളും നഷ്ടമായ നിലയിലാണ് മൃതദേഹം. താടി എല്ലിൽ മൂർച്ചയുള്ള ആയുധം കൊണ്ട് പരുക്ക് പറ്റിയിട്ടുണ്ട്. നെഞ്ചിൽ കുത്തേറ്റപാടും കാണാം. നെഞ്ചിലേറ്റ മുറിവ് വാരിയെല്ല് പൊട്ടി ഉണ്ടായതാകാം എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എട്ടുവയസ്സുകാരിയുടെ തോളിൽ വെടിയുണ്ടയേറ്റിരുന്നു. ഹൃദയം, ശ്വാസകോശം എന്നിവയിലൂടെ വെടിയുണ്ട തുളച്ചു കയറി. കുട്ടിയുടെ അമ്മ ടെലിം തോയ്ബോയ് ദേവിയുടെ നെഞ്ചിൽ നാലു തവണ വെടിയേറ്റു. തലയോട്ടിയുടെ എല്ലുകൾ ഒടിഞ്ഞ് ഉള്ളിലേക്ക് കയറി. തല തകർന്ന നിലയിലായിരുന്നു എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, കൊലപാതകത്തിന് പിന്നിലെ ആക്രമികളെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് മണിപ്പൂരിൽ പ്രതിഷേധം ശക്തമാവുകയാണ്. അസമിൽ അഭയം പ്രാപിച്ച കുക്കി വിഭാഗത്തിൽ നിന്നുള്ള വരെ തിരികെ മണിപ്പൂരിലേക്ക് അയച്ചു. ആക്രമണത്തെ തുടർന്ന് കഴിഞ്ഞവർഷം അസമിൽ എത്തിയ 700 പേരെയാണ് തിരികെ അയച്ചത്. കുക്കി നേതൃത്വവുമായുള്ള ചർച്ചയെ തുടർന്നാണ് ഇവരെ തിരികെ അയച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top