ബലാത്സംഗക്കേസില്‍ സിദ്ദിഖിന് താത്കാലിക ആശ്വാസം. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സിദ്ദിഖ് ഫേസ്ബുക്ക് അക്കൗണ്ട് ഉള്‍പ്പെടെ മരവിപ്പിച്ചതിനാല്‍ തേഡ് പാര്‍ട്ടിയുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും സിദ്ദിഖ് ഒരു തരത്തിലും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പൊലീസ് കോടതിയില്‍ ഉയര്‍ത്തിയത്.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നുമാണ് കോടതിയെ സിദ്ദിഖ് ധരിപ്പിച്ചത്. താന്‍ എവിടെപ്പോയാലും പൊലീസ് നിരീക്ഷിക്കുന്നു, അജ്ഞാതരായ ചിലര്‍ നിരീക്ഷിക്കുന്നു എന്നും സിദ്ദിഖ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന നിലപാടെടുത്ത് പൊലീസ് നില്‍ക്കുമ്പോഴാണ് സിദ്ദിഖിന് കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം ലഭിക്കുന്നത്.