ന്യൂഡൽഹി: വ്യാജ സ്ത്രീധനപീഡന ആരോപണത്തിൽ ബെംഗളൂരുവിൽ ഐ.ടി ജീവനക്കാരൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സ്ത്രീധന നിരോധനനിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ കടുത്ത വിമർശനമാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. വ്യക്തിപരമായ പകപോക്കലിന് നിയമം ഉയോഗിക്കുന്നുവെന്നും ഭർത്താവിനും ഭർതൃ കുടുംബാംഗങ്ങൾക്കുമെതിരേ ഇതിലൂടെ കള്ളക്കേസുകൾ നൽകുന്നുവെന്നും കോടതി വിമർശിച്ചു.
തമിഴ്നാട്ടിലെ ജോളാർപേട്ടിലെ റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും കുടുംബത്തിനും എതിരേ ഭാര്യ നൽകിയ കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി.വി.നാഗരത്ന, എൻ.കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
’ഗാർഹിക തർക്ക കേസുകൾ രാജ്യത്ത് വർധിക്കുന്നുണ്ട്. എന്നാൽ ചിലർ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതിയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേയുള്ള വൈരാഗ്യം തീർക്കാൻ നിയമം ഉപയോഗിക്കരുത്. വ്യക്തമായ തെളിവുകൾ ഇല്ലാതെ പലപ്പോഴും കേസ് എടുക്കാറുണ്ട്. ഇത് അനുവദിക്കാനാകില്ല. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് പല നിയമങ്ങളും രാജ്യത്ത് നടപ്പാക്കുന്നത്. എന്നാൽ ഇത് മറ്റുള്ളവർക്ക് അനീതിയായി മാറാൻ പാടില്ല. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരേ ജാഗ്രത വേണം’, കോടതി വ്യക്തമാക്കി.
ഇത്തരം കേസുകൾ പരിഗണയിൽ വന്നാൽ ജുഡീഷ്യൽ റിവ്യൂ വേണമെന്നും മതിയായ തെളിവുകൾ ഇല്ലെങ്കിൽ കേസ് തള്ളിക്കളയണമെന്നും കീഴ് കോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകി.
2022-ൽ യുവതി നൽകിയ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും മൂന്ന് സഹോദരിമാർക്കും എതിരേ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ബേംബെ ഹൈക്കോടതി കേസ് തള്ളി. ഇതിരെതിരെയാണ് യുവതി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
വ്യാജ സ്ത്രീധനപീഡന ആരോപണത്തിൽ അതുൽ സുഭാഷ് എന്ന 34 കാരനാണ് ബെംഗളൂരുവിൽ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. രാജ്യത്താകെ ശ്രദ്ധപിടിച്ചുപറ്റിയ സംഭവമായിരുന്നു അത്. താൻ നേരിട്ട പീഡനങ്ങൾ വിവരിക്കുന്ന വീഡിയോ എക്സിൽ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവ് ജീവനൊടുക്കിയത്. ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അതുൽ പറഞ്ഞു.
വ്യാജ പരാതി കെട്ടിച്ചമച്ചതുൾപ്പടെ നിരവധി ഗുരുതര ആരോപണങ്ങൾ ഭാര്യക്കെതിരെ അതുൽ ഉന്നയിച്ചു. സംഭവത്തിൽ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും, ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ‘നീതി വേണം’ എന്നെഴുതിയ പ്ലക്കാർഡ് അതുലിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. അതുലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ രണ്ട് ദിവസമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്.