അച്ഛൻ ഇല്ലാത്ത ‘അമ്മ’യ്ക്ക്, താരസംഘടനയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് വിദ്യാർഥികൾ; ആളിക്കത്തി പ്രതിഷേധം

കൊച്ചി: കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം. ലോ കോളേജിലെ ഒരു കൂട്ടം വിദ്യാർഥികളാണ് റീത്ത് വെച്ചത്. അച്ഛൻ ഇല്ലാത്ത ‘അമ്മ’യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്. അതേസമയം, മലയാള സിനിമയുടെ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചിരുന്നു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. 

നടനും അമ്മ പ്രസിഡന്‍റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോ​ഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. 

അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്. യോഗത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനിരുന്നതാണ്. പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തെരഞ്ഞെടുക്കണം. കൂടാതെ ഓരോദിവസവും ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ അമ്മയുടെ നിലപാട് വ്യക്തമാക്കണം. 

സംഘടനയുടെ മുന്നോട്ട് പോക്ക് തുടങ്ങിയവയെ കുറിച്ച് പറയേണ്ടതുണ്ട്. ഈ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാനുള്ള യോഗമാണ് പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ മാറ്റിവച്ചത്. നിലവില്‍ ബാബുരാജാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി കൂടിയാണ് ബാബു രാജ്. ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top