ആദിഷിന്റെ വയറിലും നെഞ്ചിലും തുടരെ തുടരെ ചവിട്ടിയ ജിതിൻ നിലത്തിട്ട് ചവിട്ടുകയും ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ വിദ്യാർഥിയെ മർദിച്ച സീനിയർ വിദ്യാർഥി അറസ്റ്റില്‍. ജൂനിയർ വിദ്യാർഥി ആദിഷിനെ മർദിച്ച സംഭവത്തില്‍ സീനിയർ വിദ്യാർഥി ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ആദിഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജിതിനെ അറസ്റ്റ് ചെയ്തത്.
ആദിഷിന്റെ പിതാവ് ശ്രീകുമാരൻ ആര്യങ്കോട് പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. വാഴിച്ചൽ ഇമ്മാനുവൽ കോളേജിലെ ബികോം ഇൻഫർമേഷൻ സിസ്റ്റം ഒന്നാം വർഷ വിദ്യാർഥിയാണ് ആദിഷ്. ബികോം ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ രണ്ടാംവർഷ വിദ്യാർഥിയാണ് ജിതിൻ. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഘർഷം നടന്നത്.
മാസങ്ങൾക്ക് മുൻപ് ജിതിൻ മറ്റൊരു വിദ്യാർഥിയുമായി കോളേജ് പരിസരത്ത് വെച്ച് വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. ഈ വിഷയത്തിൽ ആദിഷ് ഇടപെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടിയ ജിതിൻ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആദിഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കോളേജ് അധികൃതർക്കും ആദിഷിന്‍റെ പിതാവ് പരാതി നൽകിയിട്ടുണ്ട്.