അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിഷവാതക ഗന്ധം; സുനിത വില്യംസ് ‘സേഫാ’ണെന്ന് നാസ

ബഹിരാകാശ പര്യവേഷക സുനിത വില്യംസ് തങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിഷവാതക ഗന്ധമെന്ന് റിപ്പോർട്ട്. ബഹിരാകാശ കേന്ദ്രത്തിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമായി എത്തിയ പ്രോഗ്രസ് എംഎസ്-29 എന്ന ബഹിരാകാശ പേടകം റഷ്യൻ പര്യവേഷകർ തുറന്നപ്പോഴാണ് വിഷവാതക സാന്നിധ്യമുണ്ടായത്. പേടകം തുറന്നപ്പോൾ ബഹിരാകാശ കേന്ദ്രത്തിനുള്ളിൽ ദുർഗന്ധം വ്യാപിക്കുകയായിരുന്നു. മാത്രമല്ല പേടകത്തിനുള്ളിൽ ജലകണികകൾ കണ്ടെത്തുകയും ചെയ്തു.

അപകടസാധ്യത കണ്ടെത്തിയതിനെത്തുടർന്ന് ഉടൻതന്നെ വിവരം സുനിത വില്യംസ് ഭൂമിയിലെ നാസയുടെ കൺട്രോൾ സ്‌റ്റേഷനിൽ അറിയിച്ചു. തുടർന്ന് ഉടൻ തന്നെ പേടകം അടയ്ക്കുകയും അതിനെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തു. സുനിതാ വില്യംസും ബുച്ച് വിൽമറും ഉടൻ തന്നെ പിപിഇ കിറ്റ് ധരിച്ച് അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറെടുത്തിരുന്നു.

ബഹിരാകാശ നിലയത്തിലെ വായു ഗുണനിലവാരം സാധാരണ നിലയിലാണെന്ന് നാസ സ്ഥിരീകരിച്ചു. എന്നാൽ ദുർഗന്ധത്തിൻ്റെ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണങ്ങൾ തുടരുകയാണ്. ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ കാരണം സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ഭൂമിയിലേയ്ക്ക് മടങ്ങാനാകാതെ ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. ജൂൺ ഏഴിന് എത്തി തിരികെ 13 ന് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പേടകത്തിന്റെ സാങ്കേതിക തകരാർ മൂലം മടക്ക യാത്ര വൈകിപ്പിക്കുകയായിരുന്നു. വെള്ളത്തിലും ഭക്ഷണത്തിലും അടക്കം കർശനമായ നിയന്ത്രണത്തിലാണ് ഇവർ നിലയത്തിനുള്ളിൽ തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top