തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവങ്ങളിലെ വിധി നിര്‍ണയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണം. വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി.
കഴിഞ്ഞ റവന്യൂ കലോത്സവങ്ങളിലെ വിധിനിര്‍ണയങ്ങള്‍ക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം.വിധിയില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും കുട്ടികളെ വേദിയിലും റോഡിലും ഇരുത്തി പ്രതിഷേധിച്ചാല്‍ കേസെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അധ്യാപകര്‍ക്കും പരിശീലകര്‍ക്കുമെതിരെ കേസെടുക്കുമെന്നാണ് അറിയിപ്പ്.
സമ്മാനം കിട്ടിയാല്‍ നല്ല വിധി കര്‍ത്താക്കള്‍, കിട്ടിയില്ലെങ്കില്‍ മോശം വിധി കര്‍ത്താക്കള്‍. ഇത്തരത്തില്‍ ആരോഗ്യകരമല്ലാത്തതും ജനാധിപത്യപരവുമല്ലാത്ത പ്രവൃത്തികള്‍ അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കാനിരിക്കെയാണ് മന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ കോഴിക്കോട്, കണ്ണൂര്‍, വയനാട് ഉള്‍പ്പെടെയുള്ള റവന്യൂ കലോത്സവങ്ങളില്‍ വിധി കര്‍ത്താക്കള്‍ക്കെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോത്ര കലകളിലെ വിധി നിര്‍ണയത്തിനെതിരെയാണ് കൂടുതലായും പ്രതിഷേധം ഉയര്‍ന്നത്. ഗോത്ര കലകള്‍, പാട്ടുകള്‍, ഉപകരണങ്ങള്‍, ചരിത്രം എന്നിവയില്‍ അറിവില്ലാത്തവരാണ് വിധി നിർണയത്തിന് എത്തിയതെന്നായിരുന്നു വിമര്‍ശനം.
ഇതിനുപുറമെ മറ്റ് ക്ലാസിക് കലകളുടെ വിധി നിര്‍ണയത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാന കായിക മേളയുടെ സമാപന ചടങ്ങില്‍ സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചിരുന്നു. സ്പോര്‍ട്സ് സ്‌കൂളുകളെ കിരീടത്തിന് പരിഗണിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. നാവാമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളാണ് പ്രതിഷേധിച്ചത്.
പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വിദ്യാര്‍ത്ഥികളെ പൊലീസ് കൈയേറ്റം ചെയ്തതായും പരാതി ഉയര്‍ന്നിരുന്നു. സ്പോര്‍ട്സ് സ്‌കൂളായ ജിവി രാജയ്ക്ക് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.
വെബ്സൈറ്റില്‍ രണ്ടാം സ്ഥാനവും എന്നാല്‍ വേദിയില്‍ തഴയപ്പെട്ടെന്നുമാണ് നാവാമുകുന്ദ സ്‌കൂള്‍ ആരോപിച്ചത്. നാഷണല്‍ ചാമ്പ്യാന്മാര്‍ പോലും ഉണ്ടായിട്ടും രണ്ടര വര്‍ഷത്തെ തങ്ങളുടെ അധ്വാനമാണ് ഇല്ലാതായതെന്നും മാര്‍ ബേസില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരത്തില്‍ സംസ്ഥാനത്തുടനീളമായി കലാമേളകളുടെ വേദികളില്‍ പ്രതിഷേധവും സംഘര്‍ഷവും ഉടലെടുത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കുന്നത്.