ലാൻഡിംഗിനിടെ കത്തിച്ചാമ്പലായി വിമാനം, ദക്ഷിണ കൊറിയയിൽ വിമാന ദുരന്തത്തിൽ മരണം 85 ആയി, മാപ്പുപറഞ്ഞ് വിമാന കമ്പനി

സോൾ: തെക്കൻ കൊറിയയിലെ വിമാന ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 85 പേർ മരിച്ചെന്നാണ് ഒടുവിലത്തെ ഔദ്യോഗിക റിപ്പോർട്ട്. 181 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അവരിൽ 175 പേർ യാത്രക്കാരാണ്. ആറ് പേർ ജീവനക്കാരും. 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാപ്പ് ചോദിച്ച് വിമാന കമ്പനി രംഗത്തെത്തി. ലജ്ജിച്ച് തല താഴ്ത്തുന്നുവെന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്. 

മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടമുണ്ടായത്. ബാങ്കോക്കിൽ നിന്നെത്തിയ ജെജു എയർലൈൻസിന്‍റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം സിഗ്നൽ സംവിധാനത്തിലിടിച്ച് കത്തുകയായിരുന്നു. ബെല്ലി ലാൻഡിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. പക്ഷി ഇടിച്ചതിന് പിന്നാലെയാണ് അപകടമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 

പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്ന് വീണത്.  അപകടത്തിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവരിൽ ഒരാൾ വിമാന ജീവനക്കാരനും ഒരാൾ യാത്രക്കാരനുമാണ്. ഇരുവരും വിമാനത്തിന്‍റെ പിൻഭാഗത്താണ് ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. സാധ്യമായതെല്ലാം ചെയ്ത് പരമാവധി യാത്രക്കാരെ രക്ഷിക്കാൻ ആക്ടിംഗ് പ്രസിഡന്‍റ് ചോയ് സാങ്-മോക്ക് നിർദേശം നൽകി.

വിമാനത്തിലെ തീ അണച്ചതായി അഗ്നിശമന സേന അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ ദൃശ്യം പുറത്തുവന്നു. ഈ ആഴ്ചയിലെ രണ്ടാമത്തെ വിമാന ദുരന്തമാണിത്. നേരത്തെ അസർബൈജാനിൽ വിമാനം തകർന്നു വീണ് 38 പേരാണ് മരിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top