ഓസ്കാർ പ്രാഥമിക പട്ടികയിൽ ഇടം നേടി ആടുജീവിതത്തിലെ ഗാനങ്ങൾ

മലയാള സിനിമയുടെ അഭിമാനമായി മാറിയ ബ്ലെസി ചിത്രം ആടുജീവിതം ഓസ്കർ പുരസ്കാരത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്നു. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’ , ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

മികച്ച ഒറിജിനൽ ഗാനത്തിനും മികച്ച ഒറിജിനൽ സ്കോറിനുമുള്ള ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ 89 ഗാനങ്ങളും 146 സ്കോറുകളുമാണുള്ളത്. ഡിസംബർ 9 മുതൽ 13 വരെ നടക്കുന്ന വോട്ടിങ്ങിന് ശേഷം ഡിസംബർ 17 ന് ഇതിന്റെ ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിക്കും. 20 ഒറിജിനൽ സ്കോറുകളും 15 പാട്ടുകളുമാണ് അവസാന ഘട്ടത്തിൽ ഉണ്ടാകുക.

നേരത്തെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം ആടുജീവിതം സ്വന്തമാക്കിയിരുന്നു. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ചിത്രത്തിന്‍റെ സൗണ്ട് ട്രാക്ക് ഗ്രാമി പുരസ്കാരത്തിനുള്ള പരിഗണനയ്ക്കായി അയച്ചിരുന്നു. പുരസ്കാരത്തിന് അയച്ച സൗണ്ട് ട്രാക്ക് സമിതി നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിരുന്നതിനാൽ അയോഗ്യമാക്കപ്പെട്ടു.

ഓസ്കർ പുരസ്കാരത്തിലേക്ക് ആടുജീവിതം എത്തുന്നതോടെ മലയാള സിനിമയുടെ അന്തർദേശീയ പ്രശസ്തി വർധിക്കുക്കയാണ് ചെയ്യുന്നത്. ബ്ലെസി, പൃഥ്വിരാജ്, എ.ആർ. റഹ്മാൻ എന്നിവരുടെ കഠിനാധ്വാനത്തിന്റെയും സർഗ്ഗാത്മകതയുടെയും ഫലമാണ് ഈ നേട്ടം. മലയാളികളും ഇന്ത്യൻ സിനിമാ പ്രേമികളും ഒന്നടങ്കം ഓസ്കർ അവാർഡ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top