‘വിജയിച്ചുവെന്ന് അദ്ദേഹം കരുതുന്നു, ജാതി രാഷ്ട്രീയം രാഹുലിന്‍റെ പുതിയ തന്ത്രം’; സ്മൃതി ഇറാനി

ഡല്‍ഹി: ഒരിടവേളക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി. വിജയിച്ചുവെന്ന വിശ്വസിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ വ്യത്യസ്തമായ രാഷ്ട്രീയ കരുനീക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് സ്മൃതി ഒരു പോഡ്കാസ്റ്റ് വീഡിയോയില്‍ പറഞ്ഞു.

” ജാതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, പാർലമെൻ്റിൽ വെള്ള ടീ-ഷർട്ട് ധരിക്കുമ്പോൾ, അത് യുവാക്കൾക്ക് എന്ത് തരത്തിലുള്ള സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹത്തിന് അറിയാം,” ജനങ്ങളെ ആകര്‍ഷിക്കാന്‍ കണക്കുകൂട്ടി നീക്കങ്ങള്‍ നടത്തുകയാണെന്ന് ബി.ജെ.പി നേതാവ് ആരോപിച്ചു. ഗാന്ധിയുടെ ആക്രമണരീതിയെ കുറച്ചുകാണുന്നതിനെതിരെ അവർ മുന്നറിയിപ്പ് നൽകി. “അതുകൊണ്ട് അദ്ദേഹത്തിന്‍റെ ഓരോ നീക്കവും അത് നല്ലതോ ചീത്തയോ, അല്ലെങ്കിൽ ബാലിശമായതോ ആണെന്ന് നമുക്ക് തോന്നിയാലും, അത് കണക്കാക്കില്ല എന്ന മിഥ്യാധാരണയിലായിരിക്കരുത്. അവർ ഇപ്പോൾ രാഷ്ട്രീയത്തിൽ മറ്റൊരു ഗെയിം ആസൂത്രണം ചെയ്യുകയാണ്, ഈ ആളുകൾ നിഷ്കളങ്കരല്ല. ” സ്മൃതി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കാലത്തെ കോണ്‍‌ഗ്രസിന്‍റെ മൃദു ഹിന്ദുത്വത്തെയും അവര്‍ ചോദ്യം ചെയ്തു. ഈ ശ്രമങ്ങൾ വോട്ടർമാരിൽ പ്രതിധ്വനിച്ചില്ലെന്നും മുന്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗാന്ധിയുടെ പുതിയ രാഷ്ട്രീയ വിജയം ഈ ‘പരാജയപ്പെട്ട’ തന്ത്രത്തിൽ നിന്നാണ് പരിണമിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.

”രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനം കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രയോജനവുമുണ്ടായില്ല. അതൊരു തമാശയായിട്ടാണ് ജനം കരുതിയത്. ചിലര്‍ അതൊരു വഞ്ചനയായി കണ്ടു. അതിനാൽ ഈ തന്ത്രം ഫലിക്കാതെ വന്നപ്പോൾ ശ്രദ്ധ തിരിക്കുന്നതിനായി ജാതി വിഷയങ്ങളിലേക്ക് മാറി” സ്മൃതി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുല്‍ ഗാന്ധിയുടെ പ്രസക്തി നിലനിർത്താൻ ലക്ഷ്യമിട്ടുള്ള വിപുലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ നീക്കങ്ങളെന്ന് ഇറാനി പറയുന്നു. മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ ആദിവാസി, ദലിത് വിഭാഗങ്ങളില്‍ പെട്ട സ്ത്രീകളില്ലെന്ന രാഹുലിന്‍റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി പൊതുസമൂഹത്തിൽ തുടരാൻ രാഹുല്‍ പ്രകോപനപരമായ പ്രസ്താവനകൾ ഉപയോഗിക്കുന്നതായി മുൻ അമേഠി എം.പി ആരോപിച്ചു.

“സർക്കാർ രൂപീകരിക്കുന്നതുമായി മിസ് ഇന്ത്യയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ അദ്ദേഹം എപ്പോഴും സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നു. കാരണം മാധ്യമങ്ങളുടെ പ്രധാന വാര്‍ത്തയാകുമെന്ന് രാഹുലിനറിയാം” സ്മൃതി പറഞ്ഞു. രാഹുലിന്‍റെ പ്രത്യയശാസ്ത്രത്തിൻ്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്ത ഇറാനി അദ്ദേഹത്തിൻ്റെ പ്രസ്താവനകൾ യഥാർത്ഥ വിശ്വാസങ്ങളേക്കാൾ കണക്കുകൂട്ടിയ തന്ത്രത്തിൻ്റെ ഭാഗമാണെന്ന് സൂചിപ്പിക്കുന്നു. രാഹുലിന്‍റെ പ്രസ്താവനകൾ സത്യത്തിൽ വേരൂന്നിയതാണോ എന്ന് ആരും പരിശോധിക്കുന്നില്ലെന്നും അവർ പോഡ്കാസ്റ്റിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top