ഒന്നാം തീയതി നിരാശയോടെ തുടക്കം, അനക്കമറ്റ് ഓഹരി വിപണികള്‍

പുതുവര്‍ഷത്തിലെ ആദ്യദിനത്തില്‍ തന്നെ കാര്യമായ മുന്നേറ്റം ഇല്ലാതെ ഓഹരിപണികള്‍. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ വിപണികളില്‍ നഷ്ടം നേരിട്ടെങ്കിലും പിന്നീട് കാര്യമായ മാറ്റമില്ലാതെയാണ് വിപണികളില്‍ വ്യാപാരം പുരോഗമിക്കുന്നത്. 2024ലെ അവസാന വ്യാപാര ദിനമായ ഇന്നലെ വിപണികള്‍ നഷ്ടത്തില്‍ ആയിരുന്നു ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍  അവരുടെ ഇന്ത്യയിലെ നിക്ഷേപം കാര്യമായ രീതിയില്‍ വിറ്റഴിക്കുന്നത് നിക്ഷേപകരില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്.

അടുത്തയാഴ്ച കമ്പനികളുടെ പാദഫലങ്ങള്‍ പുറത്തു വരാനിരിക്കുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രതയോടെയാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ പാദത്തില്‍ കമ്പനികളുടെ പ്രവര്‍ത്തനഫലം അത്ര മികച്ചതായിരുന്നില്ല എന്നതാണ് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇന്നലെയും വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ അവരുടെ നിക്ഷേപം വിറ്റഴിച്ചു. വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ മാത്രം 4645 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. അടുത്തിടെ പുറത്തുവന്ന രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പാദനം സംബന്ധിച്ച കണക്കുകള്‍ വിപണികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമേ അമേരിക്കന്‍ ഡോളര്‍ ശക്തമായ നിലയില്‍ തുടരുന്നതും അമേരിക്കന്‍ ബോണ്ടിലെ മികച്ച വരുമാനവും വിദേശനിക്ഷേപകരെ ഇന്ത്യ വിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ വിറ്റഴിച്ച് വിദേശനിക്ഷേപകര്‍ അമേരിക്കയിലേക്ക് അവരുടെ നിക്ഷേപം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം പുറമേ ആഗോള വിപണിയില്‍ ഇന്നലെ എണ്ണ വില വര്‍ദ്ധിച്ചു ബ്രെഡ് ക്രൂഡ് വില 0.88% ഉയര്‍ന്ന് ബാരലിന് 74.64 ഡോളറില്‍ ആണ് വ്യാപാരം നടക്കുന്നത്. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് വില വര്‍ധന ഭീഷണിയാണ്. രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് വീണ്ടും ഉയരുന്നതിന് ക്രൂഡ് വിലയിലെ വര്‍ധന വഴിവയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top