പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ
ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 119 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ കൂടി ഇന്ന് ഇന്ത്യയിലെത്തും. രണ്ട് വിമാനങ്ങളിലായാണ് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. ആദ്യ വിമാനം ഇന്ന് അമൃത്സറിലെ ഗുരു റാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. അതേ സമയം, യു എസ് വിമാനം അമൃത്‌സറില്‍ ഇറക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പഞ്ചാബ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റക്കാരെ എത്തിക്കാൻ അമൃത്‌സര്‍ വിമാനത്താവളം മാത്രം തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്ന് ആരോപണം.
അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിഷ ഇറക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ രംഗത്ത് വന്നിട്ടുണ്ട്. പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിൽ എത്തിയിരുന്നു. ഇത്തവണയും വിമാനങ്ങൾ പഞ്ചാബിലാണ് എത്തുന്നത്. അമൃത്‌സറിനെ നാടുകടത്തൽ കേന്ദ്രമാക്കി മാറ്റുന്നതിനുളള ശ്രമമാണിതെന്നും വിമർശനമുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പകരം പഞ്ചാബിനെ തന്നെ തിരഞ്ഞെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ താത്പര്യത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രി സംശയമുന്നയിച്ചിരിക്കുന്നത്.
നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരാണ്. അറുപത്തിയേഴ് പേരാണ് പഞ്ചാബിൽ നിന്നുള്ളത്. 33 പേർ ഹരിയാനയിൽ നിന്നുള്ളവരാണ്. എട്ട് പേർ ഗുജറാത്തിൽ നിന്നും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നും, രണ്ട് പേർ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോ ആളുകൾ ഉണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെക്സിക്കോ വഴിയും മറ്റ് വഴികളിലൂടെയും അമേരിക്കയിലേക്ക് കടന്നവരും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ച ഉടൻ തന്നെ അവർ പാസ്‌പോർട്ടുകൾ കീറിക്കളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാൽ ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റം തടയാൻ നടപടി സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. വൈറ്റ്ഹൗസിൽ അമേരിക്കൻ പ്രസിഡൻ്റും നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.