റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിന് ആദ്യ ജയം. അൽ നസ്ർ എതിരില്ലാത്ത നാല് ഗോളിന് അൽ ഫെയ്ഹയെ തോൽപിച്ചു. ഒരുഗോളും അസിസ്റ്റുമായി കളംനിറഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു കളിയിലെ താരം. അഞ്ചാം മിനിറ്റില്‍ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ടാലിസ്കയാണ് അൽ നസ്റിന്‍റെ സ്കോറിംഗിന് തുടക്കമിട്ടത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബോക്സിന് തൊട്ടു പുറത്തു വച്ച് ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ഗോളി അബ്ദുള്‍ റൗഫ് അല്‍ ദുഖായിലിനെ കാഴ്ചക്കാരനാക്കി നേടിയ ഗോളിലൂടെ റൊണാൾഡോ അല്‍ നസ്റിന്‍റെ ലീഡുയർത്തി. 85-ാം മിനിറ്റിൽ മാർസലോ ബ്രോസോവിച്ചും ഇഞ്ചുറി ടൈമിൽ രണ്ടാം ഗോള്‍ നേടിയ ടാലിസ്കയും അൽ നസ്റിന്‍റെ ഗോൾപട്ടിക പൂർത്തിയാകി. 85-ാം മിനിറ്റില്‍ ഫാഷൻ കസാലയാണ് ഫെയ്ഹയുടെ ആശ്വാസ ഗോൾ നേടിയത്.
കരിയറിൽ റൊണാൾഡോയുടെ 899-ാം ഗോളും ഫ്രീ കിക്കിലൂടെ നേടുന്ന 64-ാം ഗോളുമാണ് ഇന്നലെ അടിച്ചത്. ക്ലബ്ബ് ഫുട്ബോളിൽ റൊണാള്‍ഡോയുടെ 53-ാമത്തെ ഫ്രീ കിക്ക് ഗോളാണിത്. ഇതോടെ ക്ലബ്ബ് ഫുട്ബോളില്‍ 54 ഫ്രീ കിക്ക് ഗോളുകൾ നേടിയ മെസിയുടെ റെക്കോര്‍ഡിന് അരികിലെത്താനും റൊണാള്‍ഡോക്കായി. ദേശീയ കുപ്പായത്തില്‍ മെസിയും റൊണാള്‍ഡോയും 11 ഫ്രീ കിക്ക് ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്.