ദുലീപ് ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി സഞ്ജു സാംസണ്‍, സെഞ്ചുറി തികച്ചത് 95 പന്തില്‍; പിന്നാലെ പുറത്ത്

അനന്തപൂര്‍: അവസരങ്ങള്‍ പാഴാക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് ദുലീപ് ട്രോഫിയില്‍ ബാറ്റുകൊണ്ട് മറുപടി നല്‍കി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യ ബിക്കെതിരെ 95 പന്തില്‍ സെഞ്ചുറി തികച്ച സ‌ഞ്ജു വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.സെഞ്ചുറി തികച്ചതിന് പിന്നാലെ 101 പന്തില്‍ 106 റണ്‍സെടുത്ത സഞ്ജു ഒടുവില്‍ നവദീപ് സെയ്നിയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് വിക്കറ്റ് നല്‍കി മടങ്ങി. 12 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്.

ആദ്യ ദിനം 306-5 എന്ന സ്കോറില്‍ ക്രീസ് വിട്ട ഇന്ത്യ ഡിക്ക് രണ്ടാം ദിനം തുടക്കത്തിലെ സഞ്ജുവിനൊപ്പം പൊരുതി നിന്ന സാരാന്‍ശ് ജെയിനിന്‍റെ(26) വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ സെഞ്ചുറി തികച്ച സഞ്ജുവും പുറത്തായതോടെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഡി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെന്ന നിലയിലാണ്. ആറ് റണ്‍സോടെ സൗരഭ് കുമാറും റണ്ണൊന്നുമെടുക്കാതെ ആകാശ് സെന്‍ ഗുപ്തയുമാണ് ക്രീസില്‍.

നേരത്തെ ദുലീപ് ട്രോഫി ടീമില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജു ഇഷാന്‍ കിഷന് പരിക്കേറ്റതോടെയാണ് പകരക്കാരനായി ടീമിലെത്തിയത്. ആദ്യ മത്സരത്തില്‍ അവസരം കിട്ടാതിരുന്ന സഞ്ജു രണ്ടാം മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ 45 പന്തില്‍ 40 റണ്‍സെടുത്തിരുന്നു. മൂന്ന് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്.

മറ്റൊരു മത്സരത്തില്‍ ഇന്ത്യ സിക്കെതിരെ ഇന്ത്യ എ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറി നേടിയ ശാശ്വത് റാവത്തും(124) ആവേശ് ഖാനും(39) ചേര്‍ന്നാണ് ഇന്ത്യ എയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top