സന്ദീപ് വാര്യർ പാണക്കാട്, സ്വീകരിച്ച് മുസ്ലിംലീഗ് നേതാക്കൾ; ലീഗിനെ കൂടി ബഹുമാനിക്കണമെന്ന് സുധാകരൻ 

പാലക്കാട് : ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് എത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. എംഎൽഎമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട്‌ ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്‌, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്. 

മുസ്ലിം ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്നായിരുന്നു പാണക്കാട്ടേക്കുള്ള യാത്രക്ക് മുന്നോടിയായി സന്ദീപിന്റെ പ്രതികരണം. പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണ്. അതുപോലെ തന്നെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാ​ഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. വ്യക്തി ജീവിതത്തിൽ താൻ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചതെന്നും സന്ദീപ് പറയുന്നു.

കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യർ പാണക്കാട്ടേക്ക് പോകുന്നതെന്ന് കെ സുധാകരനും പ്രതികരിച്ചു. മുന്നണിയിൽ വരുമ്പോൾ മുസ്ലിം ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ട്. സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ദ്രോഹമാകുമോ എന്ന് പരിശോധിച്ചിരുന്നു. സന്ദീപ് വാര്യരുടെ വരവ് ഗുണമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. ബിജെപിക്ക് അകത്ത് നിന്നുകൊണ്ട് ചെയതതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്. ബിജെപിക്ക് മുതൽക്കൂട്ടായ ആളാണ് ഇന്ന് കോൺഗ്രസിനൊപ്പം ചേർന്നത്. സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ വരും. താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണിതെന്നും ബിജെപിയിൽ നിന്ന് ആളുകളെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താനെന്നും സുധാകരൻ അവകാശപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top