സംഭാല്‍: ഉത്തര്‍പ്രദേശിലെ സംഭാലില്‍ പളളി സര്‍വേയെത്തുടര്‍ന്ന് ഞായറാഴ്ച പ്രദേശവാസികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 25 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സമാജ്‌വാദി പാര്‍ട്ടി എം.പി സിയാ-ഉര്‍-റഹ്‌മാന്‍ ബാര്‍ഖ്, സംഭാല്‍ എം.എല്‍.എ ഇഖ്ബാല്‍ മഹമൂദിന്റ മകന്‍ സൊഹൈല്‍ ഇഖ്ബാല്‍ എന്നിവരെയും പ്രതികളായി ചേര്‍ത്തുകൊണ്ടാണ് കേസ് ഫയല്‍ ചെയ്തത്. ഇതിനു പിന്നാലെ പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയുടെ 12 അംഗ സംഘം പ്രശ്‌നബാധിതസ്ഥലം സന്ദര്‍ശിച്ചു. കര്‍ശനമായ നിരോധന ഉത്തരവുകളും മുന്‍കൂര്‍ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരുടെ പ്രവേശന നിരോധനവും മറികടന്നാണ് പ്രതിപക്ഷത്തിന്റെ സന്ദര്‍ശനം.
സിയാ-ഉര്‍-റഹ്‌മാന്‍ ബാര്‍ഖിന്റെ പ്രസ്താവനയാണ് ഞായറാഴ്ച സ്ഥിതിഗതികള്‍ വഷളാക്കിയതെന്നും സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും സംഭാല്‍ പോലീസ് ആരോപിച്ചു. ‘ജമാ മസ്ജിദ് കി ഹിഫാസത്ത്’ (ജമാ മസ്ജിദിന്റെ സംരക്ഷണം) എന്ന ബാര്‍ഖിന്റെ പരാമര്‍ശം ജനക്കൂട്ടത്തെ പ്രകോപനപരമായി സര്‍വേയ്‌ക്കെതിരെ അണിനിരത്തിയെന്ന് പോലീസ് സൂപ്രണ്ട് കൃഷന്‍ കുമാര്‍ ആരോപിച്ചു. ബാര്‍ഖ്, എം.എല്‍.എയുടെ മകന്‍ ഇഖ്ബാല്‍ എന്നിവരെ കൂടാതെ കണ്ടാലറിയാത്ത 2,750 പേര്‍ക്കെതിരെയും പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ നേതാക്കള്‍ക്കുനേരെയുള്ള ആരോപണം സമാജ്‌വാദി പാര്‍ട്ടി തള്ളിക്കളയുന്നവെന്നും പ്രശ്‌നബാധിതപ്രദേശം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്നും സമാജ്‌വാദി പാര്‍ട്ടി ഔദ്യോഗികവൃത്തങ്ങള്‍ പ്രതികരിച്ചു. അതേസമയം, സംഭാല്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഡെപ്യൂട്ടി കളക്ടര്‍ ദീപക് കുമാര്‍ ചൗധരി കേസന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നിലെ കാരണങ്ങള്‍, അക്രമം അഴിച്ചുവിട്ടത് ആര്, പ്രശ്‌നം രൂക്ഷതയിലെത്താനുള്ള കാരണങ്ങള്‍, കൊലപാതകങ്ങള്‍ നടന്നവിധം തുടങ്ങിയവയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
സംഭാല്‍ കലാപത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലിയരുത്തുമെന്ന് ജില്ലാഭരണകൂടം പ്രതികരിച്ചു. പൊതുമുതലുകള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കു സംഭവിച്ച നാശനഷ്ടങ്ങളും വിലയിരുത്തി നഷ്ടപരിഹാരം കലാപം സൃഷ്ടിച്ചവരില്‍നിന്ന് ഈടാക്കുമെന്നും ജില്ലാ ഭരണകൂടം അറയിച്ചു.
മുഗള്‍ രാജാക്കന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട മസ്ജിദിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പള്ളി സ്ഥിതിചെയ്യുന്നത് ഹിന്ദു ക്ഷേത്രത്തിനു മുകളിലാണെന്ന വാദം പരിശോധിക്കാനായി കോടതി നിര്‍ദേശിച്ച സര്‍വേ ഞായറാഴ്ച പോലീസിന്റെ അകമ്പടിയോടെ ഉദ്യോഗസ്ഥര്‍ നടത്തുന്നതിനിടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രതിഷേധക്കാര്‍ കല്ലുകളുമായെത്തി സര്‍വേക്കാര്‍ക്കുനേരെ എറിയുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘര്‍ഷത്തില്‍ ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. തലയ്ക്ക്പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നില ഗുരുതരമാണ്. സാമൂഹികപ്രവര്‍ത്തനം നടത്തുന്ന സംഘടനകളോ, ജനപ്രതിനിധികളോ സംഘര്‍ഷബാധിത പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പോലീസ് കര്‍ശനമായി വിലക്കിയിരിക്കുകയാണ്.
പ്രതികള്‍ക്കെതിരെ ദേശരക്ഷാനിയമം ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ വന്നതെന്നും അത് തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പ്രതികരിച്ചു.
സംഭാല്‍ ജുമാ മസ്ജിദിനകത്ത് ഹരിഹര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നുവെന്നും ക്ഷേത്രസ്ഥലം വിട്ടുകിട്ടാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും കാണിച്ചുകൊണ്ട് പ്രാദേശിക കോടതിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഡ്വ. വിഷ്ണുശങ്കര്‍ ജെയ്ന്‍ കേസ് ഫയല്‍ ചെയ്തത്. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ 1529-ല്‍ ക്ഷേത്രം കൈയേറി പള്ളി പണിതു എന്നായിരുന്നു അഭിഭാഷകന്റെ വാദം. കേസ് പരിഗണിച്ച കോടതി സ്ഥലം സര്‍വേ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഘര്‍ഷം നടന്നുകൊണ്ടിരിക്കുമ്പോഴും അധികൃതര്‍ സര്‍വേ ഫലം പൂര്‍ത്തിയാക്കി. നവംബര്‍ 29-ന് ഫലം കോടതി പരിശോധിക്കും.