2040-ഓടെ ചന്ദ്രനിൽ ബഹിരാകാശ യാത്രികരെ ഇറക്കാനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് രൂപം നൽകിയതായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐ.എസ്.ആർ.ഒ) ചെയർമാൻ എസ്. സോമനാഥ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ചന്ദ്രനിൽ ഇന്ത്യൻ പതാക പറക്കും. നമ്മുടെ പൗരൻ അവിടെ പോവുകയും സുരക്ഷിതമായി തിരികെ വരികയും ചെയ്യും. 2040-ൽ ആണ് ഇത് ലക്ഷ്യമിടുന്നതെന്നും 2025-ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കുമെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ശുക്രനിലേക്കുള്ള ഒരു പര്യവേഷണ ദൗത്യത്തിന് അംഗീകാരം നൽകിയതായും സോമനാഥ് അറിയിച്ചു. ഞങ്ങൾ നിർവ്വഹിച്ച ദൗത്യങ്ങളുടെ കാര്യത്തിലും പ്രധാനമന്ത്രിയുടെ ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭാവി പദ്ധതികളുടെ അടിസ്ഥാനത്തിലും 2024 മികച്ച വർഷമായിരുന്നുവെന്ന് വിശ്വസിക്കുന്നു. ബഹിരാകാശ പദ്ധതിയുടെ ചരിത്രത്തിൽ ആദ്യമായാണ് അടുത്ത 25 വർഷത്തേക്കുള്ള കാഴ്ചപാട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യന്റെ ബഹിരാകാശ യാത്രയേയും ചാന്ദ്ര ദൗത്യങ്ങളേയും പിന്തുണയ്ക്കാൻ ശേഷിയുള്ള പുനരുപയോഗിക്കാനാകുന്ന റോക്കറ്റുകളുടെ വികസനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. 250-ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ ബഹിരാകാശ മേഖലയെ നവീകരിക്കുകയും ഊർജസ്വലമാക്കുകയും ചെയ്യുന്നു. ബഹിരാകാശ ദൗത്യങ്ങൾക്കായി ചിലവഴിക്കുന്ന ഓരോ രൂപയ്ക്കും പ്രതിഫലമായി 2.52 രൂപ പ്രതിഫലമായി ലഭിക്കുന്നു എന്നാണ് റിപ്പോർട്ട്, സോമനാഥ് കൂട്ടിച്ചേർത്തു.