അത് ഔദ്യോഗികം, ബോര്‍ഡര്‍- ഗാവസ്‌ക്കര്‍ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുന്നില്ല. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ജസ്പ്രീത് ബുംറയാണ് ടീം ലിസ്റ്റുമായി ടോസിനായി വെള്ളിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്. അതിശയകരമെന്നു പറയട്ടെ, രോഹിത്തിന്റെ അഭാവത്തെക്കുറിച്ച് ബുംറയോട് കമന്റേറ്ററും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ രവി ശാസ്ത്രി വിശദമായി ചോദിച്ചില്ല. ടോസ് സമയത്ത് രോഹിത് കോച്ച് ഗൗതം ഗംഭീറുമായി ദീര്‍ഘസംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും ക്യാമറകള്‍ ഒപ്പിയെടുത്തു.
ടോസിനു പിന്നാലെ രോഹിത് മത്സരത്തില്‍നിന്ന് സ്വയം പിന്മാറുകയാണെന്ന് ബുംറ അറിയിച്ചു.
”ഞങ്ങളുടെ ക്യാപ്റ്റന്‍ ഈ മത്സരത്തില്‍നിന്ന് മാറിനിന്ന് നേതൃപാടവം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇത് കാണിക്കുന്നത് ടീമിലെ ഐക്യമാണ്. അവിടെ സ്വാര്‍ഥതയില്ല. ടീമിന്റെ താത്പര്യം എന്താണെങ്കിലും ഞങ്ങള്‍ അത് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. രണ്ട് മാറ്റങ്ങളാണുള്ളത്, രോഹിത് ഈ മത്സരത്തില്‍ വിശ്രമമെടുക്കാന്‍ തീരുമാനിച്ചു. ആകാശ് ദീപിന് പരിക്കേറ്റതിനാല്‍ പ്രസിദ്ധ് ടീമിലെത്തി.” – ബുംറ വ്യക്തമാക്കി.