ലാലിഗയില്‍ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോനയെ പിന്നിലാക്കി റയല്‍ക്കുതിപ്പ്. സാന്റിയാഗോ ബരണാബ്യൂവില്‍ സെവിയയുമായി 4-2 സ്‌കോറില്‍ ആധികാരിക ജയം സ്വന്തമാക്കിയതോടെയാണ് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സ പിന്നിലായത്. ആദ്യപകുതിയില്‍ മൂന്ന് ഗോളുകള്‍ കണ്ടെത്തിയ റയല്‍ പത്താംമിനിറ്റില്‍ റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെയിലൂടെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 20-ാം മിനിറ്റില്‍ ഫ്രഞ്ച് താരം എഡ്വാര്‍ഡോ കമവിംഗയുടെ പാസില്‍ ഫ്രഡറിങ്കോ വാല്‍വര്‍ഡേയും 34-ാം മിനിറ്റില്‍ ലൂകാസ് വാസ്‌കേസിന്റെ അസിസ്റ്റില്‍ റോഡ്രിഗോയുമാണ് ആദ്യപകുതിയില്‍ സെവിയയുടെ ഗോള്‍വല കുലുക്കിയത്. രണ്ടാം പകുതിയില്‍ 53-ാം മിനിറ്റില്‍ എംബാപെയുടെ പാസില്‍ മൊറോക്കോ താരം ബ്രാഹിം ഡയസിലൂടെ റയല്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. സ്പാനിഷ് താരങ്ങളായ ജുവാന്‍ലു സാഞ്ചസ് നല്‍കിയ പാസില്‍ 35-ാം മിനിറ്റില്‍ ഐസക് റൊമേറോയും ജെറാര്‍ഡ് പീക്വേയുടെ പാസില്‍ നിന്ന് 85-ാം മിനിറ്റില്‍ ബെല്‍ജിയം താരം ഡോദി ലൂക്കേബാകിയോയുമാണ് സെവിയക്കായി മറുപടി ഗോളുകള്‍ കണ്ടെത്തിയത്. ജയത്തോടെ പതിനെട്ട് മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായി ബാഴ്‌സലോനയെ പിന്തള്ളി റയല്‍ മാഡ്രിഡ് ലാലിഗയില്‍ രണ്ടാം സ്ഥാനത്തെത്തി. 38 പോയിന്റാണ് ബാഴ്‌സക്കുള്ളത്. 41 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് ആണ് പട്ടികയില്‍ ഒന്നാമത്. ജനുവരി നാലിന് വലന്‍സിയയുമായാണ് റയലിന്റെ അടുത്ത മത്സരം.
