രന്യയുടെ സ്വർണക്കടത്ത്; പൊലീസിൻ്റെ പങ്കിനെക്കുറിച്ചുള്ള സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ രന്യ റാവുവിൻ്റെ വി ഐ പി ബന്ധം കണ്ടെത്താൻ സിബിഐ അന്വേഷണം ശക്തമാക്കിയിരുന്നു
ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാന പൊലീസിനെതിരെയുള്ള ഡിആർഐയുടെ ( ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) അന്വേഷണ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ.

14.8 കിലോഗ്രാം സ്വര്‍ണവുമായി രന്യയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന പൊലീസിനെതിരെ സിഐഡി ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് ഉദ്യോഗസ്ഥർ അവരുടെ ഔദ്യോഗിക പദവികളും പ്രോട്ടോക്കോൾ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്തതിനെ കൂറിച്ചും അന്വേഷിക്കാനാണ് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്നാൽ രന്യ റാവുവിൻ്റെ വളർത്തച്ഛനും പൊലീസ് ഡയറക്ടർ ജനറലുമായ (ഡിജിപി) കെ രാമചന്ദ്ര റാവുവിൻ്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം കർണാടക സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിൽ തുടരും.

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ രന്യ റാവുവിൻ്റെ വി ഐ പി ബന്ധം കണ്ടെത്താൻ സിബിഐ അന്വേഷണം ശക്തമാക്കിയിരുന്നു. നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി രന്യ റാവുവിൻ്റെ വിവാഹ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും സിബിഐ അറിയിച്ചു. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവരുടെ വിവരങ്ങളും ശേഖരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി പരമേശ്വരയും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു.വിവാഹത്തിൽ പങ്കെടുത്ത് വില കൂടിയ സമ്മാനം നൽകിയവരെയും സിബിഐ അന്വേഷിക്കും. സ്വർണക്കടത്ത് കേസിൽ കൂടുതൽ ബന്ധം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിയാണ് അന്വേഷണം നടത്തുന്നത്.

രന്യ റാവുവിന് സഹായം നൽകിയ ബെംഗളൂരു വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്ന നാല് പ്രോട്ടോക്കോൾ ഓഫീസർമാർക്കും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്. കള്ളക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥരെ വിളിപ്പിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിൽ പ്രോട്ടോക്കോൾ ഓഫീസർമാർ കള്ളക്കടത്ത് ശൃംഖലയെ സഹായിക്കുന്ന തരത്തിലുള്ള എന്തെങ്കിലും തരത്തിലുള്ള ഒത്തുകളികൾ ഉണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നെന്നും റിപ്പോർട്ടുണ്ട്.

ദുബായിൽ നിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) രന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 3 ന് അരക്കെട്ടിൽ ഒളിപ്പിച്ച നിലയിൽ രന്യ റാവുവിന്റെ ശരീരത്തിൽ സ്വർണ്ണക്കട്ടികൾ കണ്ടെത്തിയത്. രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിആര്‍ഐ സംഘം അഞ്ച് കോടി രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top