മുംബൈ: സൽമാൻ ഖാനെതിരെ വധഭീഷണിയുമായി നടക്കുന്ന ലോറൻസ് ബിഷ്ണോയിയേയും സംഘത്തേയുംകുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ രാംഗോപാൽ വർമ. സൽമാൻ ഖാനോട് ലോറൻസ് ബിഷ്ണോയിക്കുള്ളത് കുട്ടിക്കാലംമുതലേയുള്ള പകയാണെന്ന് വർമ എക്സിൽ പറഞ്ഞു. തന്റെ പഴയൊരു പോസ്റ്റ് വീണ്ടും ഷെയർ ചെയ്തുകൊണ്ടാണ് രാംഗോപാൽ വർമ ഇക്കാര്യം പറഞ്ഞത്.
എൻ.സി.പി നേതാവും മുൻമന്ത്രിയുമായിരുന്ന ബാബാ സിദ്ദിഖിയുടെ കൊലപാതകവും അതിന്റെ ഉത്തരവാദിത്തം ബിഷ്ണോയ് സംഘം ഏറ്റെടുത്തതുമാണ് രാംഗോപാൽ വർമയുടെ പോസ്റ്റിന് ആധാരം. കൊല്ലപ്പെട്ട ബാബാ സിദ്ദിഖിക്ക് ഏറെ അടുപ്പമുള്ളയാൾകൂടിയാണ് സൽമാൻ ഖാൻ.
1998-ൽ ഹം സാഥ് സാഥ് ഹേ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വെടിവെച്ചുകൊല്ലുന്നത്. അന്ന് ലോറൻസ് ബിഷ്ണോയിക്ക് അഞ്ചുവയസേ ഉണ്ടായിരുന്നുള്ളൂ എന്ന് രാംഗോപാൽ വർമ പറഞ്ഞു. 25 വർഷമായി ബിഷ്ണോയി തന്റെ പക ഉള്ളിൽക്കൊണ്ടുനടക്കുന്നു. കൃഷ്ണമൃഗത്തിനെ കൊന്നതിന് പ്രതികാരമായി സൽമാൻ ഖാനെ കൊലപ്പെടുത്തുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് അവൻ പറയുന്നു. ഈ മൃഗസ്നേഹം അതിൻ്റെ ഉച്ചസ്ഥായിയിലാണോ അതോ ദൈവം ഒരു വിചിത്രമായ തമാശ കളിക്കുകയാണോ എന്നും രാംഗോപാൽ വർമ ചോദിക്കുന്നു.
രണ്ടുദിവസങ്ങൾക്കുമുൻപാണ് മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്. പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്‌ണോയ് സംഘം ഏറ്റെടുക്കുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് സംഘം ഉത്തരവാദിത്വം ഏറ്റെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബിഷ്ണോയിക്കും സംഘത്തിനും പങ്കുണ്ടോയെന്ന സംശയത്തിലായിരുന്നു പോലീസ്. അതിനിടെയാണ് കൊലപാതകത്തിന്റ ഉത്തരവാദിത്വം സംഘം ഏറ്റെടുക്കുന്നത്.
നേരത്തേ ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെയുണ്ടായ വധശ്രമക്കേസിൽ പ്രതിയായിരുന്നു ലോറൻസ് ബിഷ്ണോയി. സൽമാൻ ഖാന്റെ നേരേയുണ്ടായ വധശ്രമവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.