ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ചേലക്കര മണഡലത്തിൽ നിന്ന് വിജയിച്ച സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപ്, പാലക്കാട് നിന്ന് ജയിച്ച കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ ഇന്ന് 12 മണിക്ക് എംഎൽഎ സ്ഥാനാത്തേക്ക് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് സത്യപ്രതിജ്ഞ. എൽഡിഎഫിന്റെയും, യുഡിഎഫിന്റെയും പ്രധാനപ്പെട്ട നേതാക്കളും, രണ്ട് ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുലിന് പ്രവർത്തകർ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സ്വീകരണം നൽകും. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയെ സന്ദർശിച്ച്, കെപിസിസി ഓഫീസിലും സന്ദർശനം നടത്തിയ ശേഷമായിരിക്കും രാഹുൽ നിയമസഭയിലെത്തുക. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഷാഫി പറമ്പിലിനും തനിക്കും വ്യത്യസ്ത ശൈലിയാണെന്നും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാഹുൽ പറഞ്ഞു.