ന്യൂഡല്‍ഹി: സ്വകാര്യമേഖലയില്‍നിന്ന് ഉദ്യോഗസ്ഥരെ ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. യു.പി.എസ്.സിക്ക് പകരം ആര്‍.എസ്.എസ്. വഴി ജീവനക്കാരെ നിയമിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഭരണഘടനയ്ക്കുനേരെയുള്ള അതിക്രമമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
എസ്.സി- എസ്.ടി- ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള സംവരണം പരസ്യമായി പിടിച്ചുപറിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം രാജ്യത്തെ പ്രധാന പദവികകളില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലെന്ന് താന്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിന് പരിഹാരമുണ്ടാക്കേണ്ടതിന് പകരം ലാറ്ററല്‍ എന്‍ട്രി വഴി പിന്നാക്കക്കാരെ ഉന്നതസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ അകറ്റുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
യു.പി.എസ്.സി. ജോലികള്‍ ലക്ഷ്യമിട്ട് തയ്യാറെടുക്കുകള്‍ നടത്തുന്ന പ്രവീണ്യമുള്ള യുവാക്കളുടെ അവകാശം തട്ടിപ്പറിക്കലാണിത്. സംവരണമടക്കമുള്ള സാമൂഹിക നീതിയെന്ന ആശയത്തിനുനേരേയുള്ള ആക്രമണമാണിത്. കോര്‍പ്പറേറ്റുകളുടെ പ്രതിനിധികള്‍ പ്രധാന സര്‍ക്കാര്‍ പദവികള്‍ കൈവശംവെച്ചാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് സെബിയെന്നും, ചരിത്രത്തില്‍ ആദ്യമായി സ്വകാര്യമേഖലയില്‍നിന്നുള്ള ഒരാളെ ചെയര്‍പേഴ്‌സണാക്കിയത് ചൂണ്ടിക്കാട്ടി രാഹുല്‍ വിമര്‍ശിച്ചു.
സര്‍ക്കാരിന്റേത് രാജ്യവിരുദ്ധനീക്കമെന്ന് വിമര്‍ശിച്ച രാഹുല്‍, ഇതിനെ ഇന്ത്യ സഖ്യം ശക്തമായി എതിര്‍ക്കുമെന്നും വ്യക്തമാക്കി. നീക്കം ഭരണനിര്‍വഹത്തേയും സാമൂഹിക നീതിയേയും വ്രണപ്പെടുത്തും. ഐ.എ.എസിന്റെ സ്വകാര്യവത്കരണം സംവരണം അട്ടിമറിക്കാനുള്ള മോദിയുടെ ഗ്വാരന്റിയാണെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു.
പത്ത് ജോയിന്റ് സെക്രട്ടറിമാര്‍, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലകളില്‍നിന്ന് നിയമിക്കാനാണ് കേന്ദ്രതീരുമാനം. ഒന്നര ലക്ഷം മുതല്‍ 2.7 വരേയാണ് ശമ്പളം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരിക്കുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐ.ടി, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കാണ് 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം.