ബോക്സ് ഓഫീസില്‍ കുതിച്ച് അല്ലു അര്‍ജ്ജന്‍-സുകുമാര്‍ ചിത്രം പുഷ്പ ദ; റൂള്‍. വലിയ ഹൈപ്പില്‍ എത്തിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍നിന്ന് മാത്രം 175.1 കോടി നേടിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്.
ബോക്‌സ് ഓഫീസില്‍ രണ്ടാംദിനം പിന്നിടുമ്പോള്‍ 417 കോടിയാണ് ചിത്രം വരുമാനം നേടിയത്. ആദ്യ രണ്ടു ദിവസത്തിനുള്ള ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം എന്ന റെക്കോഡാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ വരുമാനത്തില്‍ ഹിന്ദി പതിപ്പ് തെലുങ്ക് പതിപ്പിനെ മറികടന്നു.
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോഡ് പുഷ്പ 2 സ്വന്തമാക്കിയിരുന്നു. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ റെക്കോഡ് മറികടന്നാണ് പുഷ്പ നേട്ടം കരസ്ഥമാക്കിയത്. ഓവര്‍സീസ് കളക്ഷന്‍ ഉള്‍പ്പെടെ നിര്‍മാതാക്കള്‍ പുറത്തുവിട്ടേക്കാവുന്ന ഔദ്യോഗിക കണക്ക് ഇതിനേക്കാള്‍ ഏറെയായിരിക്കും എന്നാണ് സിനിമ ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
ഈ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായാണ് പ്രദര്‍ശനത്തിനെത്തിയത്. നാലാം തീയതിയിലെ പ്രത്യേക പ്രീമിയര്‍ ഷേകളിലൂടെ ആന്ധ്രാപ്രദേശ്, തെലങ്കാന, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് 10.1 കോടി രൂപയാണ് ചിത്രം നേടിയത്.
2021-ല്‍ റിലീസ് ചെയ്ത ആദ്യഭാഗം ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 390 കോടിയോളമാണ്. അല്ലു അര്‍ജുന്‍ തന്റെ താരപദവി അരക്കിട്ട് ഉറപ്പിക്കുക മാത്രമല്ല ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ആദ്യ തെലുങ്ക് നടന്‍ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി. പുഷ്പ ദി റൈസിന്റെ പാന്‍ ഇന്ത്യന്‍ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുകുമാര്‍ രണ്ടാംഭാഗം ഒരുക്കിയത്.
1990 കാലഘട്ടത്തില്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശേഷാചലം കുന്നുകളില്‍ മാത്രം വളരുന്ന അപൂര്‍വ രക്തചന്ദനം കടത്താന്‍ ജോലി ചെയ്യുന്ന ഒരു കൂലിക്കാരനായിരുന്ന പുഷ്പരാജ് ഒടുവില്‍ ചന്ദനക്കടത്തിന്റെ തലവനാകുന്നതാണ് ആദ്യഭാഗത്തിന്റെ പ്രമേയം. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ക്രൂരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഭന്‍വര്‍ സിങ് ഷെഖാവത്താണ് അയാളുടെ മുന്നില്‍ തടസ്സമായി നില്‍ക്കുന്നത്. ഭഗവര്‍ സിങ്ങും പുഷ്പയും തമ്മിലുള്ള കരുത്ത പോരാട്ടവും ഒടുവില്‍ പുഷ്പയുടെ വിജയത്തിലുമാണ് ആദ്യഭാഗം അവസാനിക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ പുഷ്പ നേരിടുന്ന വെല്ലുവിളികളും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളുമാണ് രണ്ടാംഭാഗത്തിന്റെ ആകെ. ഇവിടെയും ഭഗവര്‍ സിങ്ങ് വെല്ലുവിളിയായെത്തുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.