കാർ എടുക്കാൻ വേണ്ടി അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ചു എന്നാണ് പൾസർ സുനിയുടെ മൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനിയുടെ ഇടപാടുകളിൽ അന്വേഷണം തുടങ്ങി പൊലീസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം ഉപയോഗിച്ചിരുന്നത് ആഢംബര കാർ. എറണാകുളം സ്വദേശിയുടെ പേരിലെടുത്ത കാറാണ് പൾസർ സുനി ഉപയോഗിച്ചിരുന്നത്. എന്നാൽ വാഹനം പണയത്തിന് എടുത്തതാണെന്നാണ് പൾസർ സുനിയുടെ മൊഴി.
കാർ എടുക്കാൻ വേണ്ടി അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ചു എന്നാണ് പൾസർ സുനിയുടെ മൊഴി. രണ്ടരലക്ഷം രൂപയ്ക്കാണ് കാർ പണയത്തിന് എടുത്തത്. പൾസർ സുനി കൂടുതലും വാട്സ്ആപ്പ് കോളുകളാണ് വിളിച്ചിരുന്നത് എന്നും പൊലീസ് കണ്ടെത്തി. സുനിയുടെ പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് അന്വേഷിക്കും.
ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ പൾസർ സുനിയെ സ്റ്റേഷൻ ജാമ്യത്തിൽ തിങ്കളാഴ്ച വിട്ടിരുന്നു. ജാമ്യത്തിലിറങ്ങിയ സുനിയെ നിരീക്ഷിക്കാൻ പൊലീസിന് നിർദേശമുണ്ട്. ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ കൂടി ഉൾപ്പെട്ടതിനാൽ നടിയെ ആക്രമിച്ച കേസിലെ സുനിയുടെ ജാമ്യം റദ്ദാക്കുന്നതിനായി കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘം ഇത് സംബന്ധിച്ച് വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകിയേക്കും. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ഇയാൾ മറ്റൊരു കേസിൽ പ്രതിയായ കാര്യം അന്വേഷണസംഘം കോടതിയെ അറിയിക്കും. പൾസർ സുനിയുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെടുമെന്നുമാണ് വിവരം.
എറണാകുളം രായമംഗലത്തുള്ള ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് സുനിക്കെതിരെ കേസ്. ഭക്ഷണം വൈകിയതിന് ഹോട്ടൽ ജീവനക്കാർക്ക് നേരെ പൾസർ സുനി ഭീഷണിയുയർത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പിന്നാലെ ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകൾ ഇയാൾ എറിഞ്ഞു പൊട്ടിക്കുകയുമായിരുന്നു. ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ കുറുപ്പുംപടി പൊലീസ് ആണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
ഹോട്ടലിന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതി ഹോട്ടൽ ജീവനക്കാരോട് ‘നീയൊക്കെ ക്യാമറ ഇല്ലാത്ത ഭാഗത്തേക്ക് വാടാ നിന്നെയൊക്കെ ശരിയാക്കി തരാം’ എന്ന് പറഞ്ഞ് വധഭീഷണി മുഴക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പിന്നാലെ ഭാരതീയ ന്യായ സംഹിതയുടെ 296(b), 351(2), 324(4) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ പുറത്തിറങ്ങിയതിനിടയിലാണ് വീണ്ടും പൾസർ സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്.