സ്കൂളിൽ വച്ച് ഫേഷ്യൽ മസാജ് ചെയ്യുന്ന വീഡിയോ എടുത്തതിന് ടീച്ചറെ കടിച്ച് പരിക്കേൽപ്പിച്ച് ഹെഡ്മിസ്ട്രസ്; വിവാദം

ക്ലാസ് സമയത്ത് പചകപ്പുരയിലിരുന്ന് ഫേഷ്യല്‍ മസാജ് ചെയ്ത പ്രിന്‍സിപ്പാളിന്‍റെ വീഡിയോ എടുത്ത ടീച്ചറെ, പ്രിന്‍സിപ്പള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. യുപിയിലെ ഉന്നാവോയിലാണ് ഈ വിചിത്രമായ സംഭവം. ഉന്നാവോയിലെ ബിഘാപൂർ ബ്ലോക്കിലെ ദണ്ഡാമൗ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ സംഗീത സിംഗ്, സ്കൂൾ സമയത്ത് സ്കൂളിന്‍റെ പാചകപ്പുരയില്‍ ഇരുന്ന് മറ്റൊരു സ്ത്രീയെ കൊണ്ട് തന്‍റെ മുഖത്ത് സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് ചെയ്യുകയായിരുന്നു. ഈ സമയത്താണ് അതേ സ്കൂളിലെ മറ്റൊരു അധ്യാപിക പാചകപ്പുരയിലേക്ക് മൊബൈല്‍ കാമറ ഓണാക്കി ചെല്ലുന്നത്. 

അധ്യാപിക, തന്‍റെ വീഡിയോ എടുക്കുകയാണെന്ന് മനസിലായ പ്രധാന അധ്യാപികയായ സംഗീത സിംഗ്, ‘വെരി ഗുഡ്’ എന്ന് പറഞ്ഞ് കൊണ്ട് പെട്ടെന്ന് കസേരയില്‍ നിന്നും എഴുന്നേല്‍ക്കുകയും പിന്നാലെ അധ്യാപികയെ അക്രമിക്കുകയുമായിരുന്നു. ഇവർ അധ്യാപികയായ അനം ഖാൻറെ ഇരുകൈകളിലും കടിക്കുകയും അവിടെ ഉണ്ടായിരുന്ന ഒരു ഇഷ്ടിക ഉപയോഗിച്ച് അക്രമിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പിന്നാലെ കരഞ്ഞു കൊണ്ട് തന്‍റെ കൈയിലേറ്റ കടിയുടെ പാടുകള്‍ അനം ഖാന്‍ വീഡിയോയില്‍ കാണിച്ചു.

എൻസിഎംഇന്ത്യ കൗൺസിൽ ഫോർ മെന്‍ അഫയേഴ്സ് എന്ന് എക്സ് പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം കാല്‍ ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. അതേസമയം സമൂഹ മാധ്യമങ്ങളില്‍ സ്കൂളിലെ പ്രിൻസിപ്പലായ സംഗീത സിംഗനെതിരെ രൂക്ഷവിമര്‍ശനം ഉയഡന്നു. ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിതനിന് പിന്നാലെ സംഗീത സിംഗിനെതിരെ രൂക്ഷ വിമർശനങ്ങള്‍ ഉയരുകയും സംഭവം വിവാദമാവുകയും ചെയ്തു. അനം ഖാന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയായതിന് പിന്നാലെ പോലീസ് സംഭവത്തില്‍ കേസെടുത്തു. ദണ്ഡാമൗ ഗ്രാമത്തിലെ സ്കൂളിലെ അസിസ്റ്റന്‍റ് ടീച്ചറെ കൊണ്ട് ഹെഡ്മിസ്ട്രസ് ഫേഷ്യൽ മസാജ് ചെയ്യിക്കാറുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ മാധ്യമങ്ങളെ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top