യെദ്യുരപ്പയുടെ പ്രായം പരിഗണിച്ച് കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
ബെംഗളൂരു: പോക്സോ കേസ് റദ്ദാക്കണമെന്ന കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദ്യൂരപ്പയുടെ ആവശ്യം കർണാടക ഹൈക്കോടതി തള്ളി. അതേസമയം യെദ്യുരപ്പയുടെ പ്രായം പരിഗണിച്ച് കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വീട്ടിൽ സഹായം അഭ്യർത്ഥിച്ചു വന്ന 17കാരിക്കുനേരെ യെദ്യൂരപ്പ ലൈംഗിക അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ സദാശിവ നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മന്റ് അന്വേഷണം നടത്തുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യം മറച്ചു വെക്കുന്നതിനായി പെൺകുട്ടിയുടെ അമ്മക്ക് യെദ്യൂരപ്പ പണം നൽകിയെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ യെദ്യൂരപ്പയുടെ സഹായികൾ ഉൾപ്പടെ നാലുപ്രതികളാണുള്ളത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന യെദ്യുരപ്പയുടെ വാദം കോടതി അംഗീകരിച്ചില്ല.