‘കടലിൽച്ചാടി ആത്മഹത്യചെയ്ത’ പോക്സോ കേസ് പ്രതി 2 മാസത്തിനു ശേഷം പിടിയിൽ

കാളികാവ്: ‘കടലിൽച്ചാടി ആത്മഹത്യചെയ്ത’ പോക്സോ കേസ് പ്രതി രണ്ടുമാസത്തിനുശേഷം പിടിയിൽ. ബേപ്പൂർ കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് പോലീസിനെ കബളിപ്പിച്ച് മുങ്ങിയ മാളിയേക്കൽ സ്വദേശി പള്ളാട്ടിൽ മുഹമ്മദ് നാഫി(24)യാണ് അറസ്റ്റിലായത്.

രണ്ടുമാസം മുൻപാണ് മുഹമ്മദ് നാഫി വീടുവിട്ടത്. കടപ്പുറത്തെത്തി ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് വസ്ത്രങ്ങളടങ്ങിയ ബാഗ് കരയിലുപേക്ഷിച്ച് മുങ്ങി. കടലിൽച്ചാടി ആത്മഹത്യചെയ്തുവെന്നു കാണിക്കാനായിരുന്നു ഈ നാടകങ്ങൾ. തുടർന്ന് ബേപ്പൂർ പോലീസ് തീരദേശ പോലീസിന്റെ സഹായത്തോടെ കടലിലും തിരച്ചിൽ നടത്തി. നാഫിയുടെ ഫോണിൽനിന്ന് എറണാകുളത്തുള്ള ഒരു പെൺസുഹൃത്തിന് അയച്ച എസ്.എം.എസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ആലപ്പുഴയിൽനിന്നാണ് പ്രതിയെ പിടിച്ചത്. ഒളിവിൽപ്പോയശേഷം വീട്ടുകാരുമായോ സുഹൃത്തുകളുമായോ ബന്ധപ്പെട്ടിരുന്നില്ല.

നാഫി പ്രതിയായ പോക്സോ കേസിന്റെ വിചാരണ കോടതിയിൽ അന്തിമഘട്ടത്തിലാണ്. കേസിൽനിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യാനാടകം ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു.

കാളികാവ് പോലീസ് ഇൻസ്‌പെക്ടർ വി. അനീഷ്, എസ്.ഐ. ശശിധരൻ വിളയിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. അബ്ദുൽസലീം, വി. വ്യതീഷ്, റിയാസ് ചീനി, അരുൺ കുറ്റിപ്പുറത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top