‘ഷാഹി ജുമാ മസ്ജിദ് സര്‍വേ തടയണം’; ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ലക്‌നൗ: ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് ഭരണസമിതി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മസ്ജിദ് ഭരണസമിതിയുടെ ആവശ്യം. മസ്ജിദ് ഭരണസമിതിയുടെ ഭാഗം കേള്‍ക്കാതെയാണ് സിവില്‍ കോടതി തീരുമാനമെടുത്തത്. ആരാധനാലയ നിയമം അനുസരിച്ച് മസ്ജിദിനെതിരെ സിവില്‍ നിയമ നടപടികള്‍ ആരംഭിക്കാനാവില്ല. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് സിവില്‍ കോടതി തീരുമാനമെടുത്തത് എന്നാണ് മസ്ജിദ് ഭരണസമിതിയുടെ വാദം.

മുഗള്‍ ഭരണ കാലത്ത് നിര്‍മിച്ച മസ്ജിദില്‍ സര്‍വേ നടത്താന്‍ കഴിഞ്ഞ ദിവസമാണ് സിവില്‍ കോടതി അനുമതി നല്‍കിയത്. ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയ അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സംഭാല്‍ മസ്ജിദിലും സര്‍വേ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

മസ്ജിദില്‍ സര്‍വ്വേയ്ക്ക് അനുമതി നല്‍കിയതിന് പിന്നാലെ യുപിയിലെ സംഭാലില്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് സര്‍വ്വേ നടത്താനെത്തിയവരെ ജനക്കൂട്ടം തടഞ്ഞിരുന്നു. ഇതിന് പിന്നലെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ നാല് പേര്‍ കൊല്ലപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top