മുനമ്പം വിഷയത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ്‌ നിലപാട്‌; ഷാജിയെ തളളി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞതാണ് മുസ്ലീം ലീഗിന്റെ നിലപാടെന്നും മറ്റാരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പിയും ഇടതുപക്ഷവും സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാന്‍ അജണ്ട കൊണ്ടുനടക്കുന്നു എന്ന് മനസ്സിലായപ്പോഴാണ് മുസ്ലീം സംഘടനകള്‍ യോഗം ചേര്‍ന്ന് സാദ്ദിഖ് അലി ശിഹാബ്‌ തങ്ങള്‍ നിലപാട് പറഞ്ഞത്. തങ്ങള്‍ ബിഷപ്പുമാരെ കണ്ടു. അതുകൊണ്ടു തീര്‍ന്നില്ല, അദ്ദേഹം റോമില്‍പ്പോയി. സൗഹൃദത്തിന് അദ്ദേഹം എത്ര വലിയ വില കൊടുക്കുന്നു എന്നതിനുള്ള തെളിവാണിത്. ഈ വിഷയം ചിലര്‍ ദുരൂപയോഗം ചെയ്യാന്‍ നില്‍ക്കുന്ന അവസരത്തില്‍ നിങ്ങളാരും പാര്‍ട്ടിയാകേണ്ട, വിവാദമുണ്ടാക്കേണ്ട- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമാണ് കെ.എം ഷാജി പറഞ്ഞത്. പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കെ.എം ഷാജി തന്റെ നിലപാട് തുറന്ന് പറഞ്ഞത്.

മുനമ്പം വിഷയം വലിയ പ്രശ്നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലീം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളേജിന്റെ അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ്ലീംലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്-കെ.എം ഷാജി പറഞ്ഞു.

പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് അവിടെനിന്ന് ഇറങ്ങിപ്പോകേണ്ട ഗതിയുണ്ടാകരുതെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് ലത്തീന്‍ മെത്രാന്‍ സമിതിയുമായി ചര്‍ച്ച നടത്തിയ വളരെ പോസിറ്റീവാണെന്നും ലീഗ് നേതാക്കള്‍ അഭിപ്രായപ്പെടുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top