പിജി ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം

ആർജി കർ ആശുപത്രിയിലെ പിജി വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ കൊല്‍ക്കത്തയില്‍ ഇന്ന് ജനകീയ പ്രക്ഷോഭം. ആശുപത്രിക്ക് മുന്നിൽ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ സമരം ആരംഭിക്കും. ഡോക്ടറുടെ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സഹപാഠികളുടെ ആരോപണം. ആർജി കർ ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ ഇന്നും ചോദ്യം ചെയ്യും. ഇത് ഒമ്പതാം ദിവസമാണ് ഘോഷിനെ ചോദ്യം ചെയ്യുന്നത്. സന്ദീപ് ഘോഷിന്റെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. ആരോപണങ്ങള്‍ അന്വേഷിക്കാനും കൊല്‍ക്കത്ത ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു.

അതേസമയം, ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റ പകർപ്പ് 24 ന് ലഭിച്ചു. പ്രതി സഞ്ജയ് റോയ് ക്രൂര ബലാത്സംഗത്തിന് ശേഷം ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ റിപ്പോർട്ട്. ആന്തരിക പരിക്കുകൾ ഉൾപ്പടെ ശരീരത്തിൽ 14 ലേറെ മുറിവുകൾ ഉണ്ടെന്നും പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ആഗസ്റ്റ് ഒന്പതിനായിരുന്നു വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത്. പി ജി വിദ്യാര്‍ത്ഥിയായ ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ റോയ് സെമിനാര്‍ ഹാളിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഇയാളുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും കണ്ടെത്തിയിരുന്നു.പ്രതി സഞ്ജയ്‌ റോയിയുടെ റിമാൻഡ് കാലാവധി നീട്ടിയിരിക്കുകയാണ്.14 ദിവസത്തേക്കാണ് റിമാൻഡ് റിമാൻഡ് കാലാവധി നീട്ടിയത്. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്ന് സിബിഐ സംഘം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top