ക്ലാസിൽ സംസാരിച്ചു, കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച് പ്രധാനാധ്യാപിക; അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ചെന്നൈ: തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥികളുടെ വായിൽ ടേപ് ഒട്ടിച്ച് സ്കൂളിലെ പ്രധാനാധ്യാപിക. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളോടായിരുന്നു അധ്യാപികയുടെ ഈ ക്രൂരത. ഒരു പെൺകുട്ടി അടക്കം അഞ്ച് കുട്ടികളുടെ വായിലാണ് ടേപ് ഒട്ടിച്ചത്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കളക്ടർക്ക് പരാതി നൽകി. തഞ്ചാവൂരിലെ ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം.

ക്ലാസ് റൂമിൽ സംസാരിച്ചതിന് സ്കൂളിലെ പ്രധാനാധ്യാപികയായ പുനിതയാണ് കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ചത്. നാല് മണിക്കൂറോളം കുട്ടികളെ ഇതേ രീതിയിൽ നിർത്തിയെന്നും ഒരു കുട്ടിയുടെ വായിൽ നിന്ന് രക്തം വന്നെന്നുമാണ് പരാതി. ചില കുട്ടികൾക്ക് ശ്വാസ ‌തടസവും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 21നാണ് സംഭവം നടന്നത്.

കുട്ടികളുടെ ചിത്രങ്ങൾ സ്കൂളിലെ ഒരു അധ്യാപികയാണ് മാതാപിതാക്കൾക്ക് അയച്ചത്. തുടർന്ന് ജില്ലാ കളക്ടർക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം സംഭവം വിദ്യാലയത്തിലെ പ്രധാനാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും നിഷേധിച്ചു. ഈ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു പ്രധാനാധ്യാപികയുടെ വാദം.

അധ്യാപിക ഒരു വിദ്യാർത്ഥിയോട് ക്ലാസ് മുറി നോക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം നടന്നതെന്ന് എലിമെൻ്ററി സ്‌കൂൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മത്യാസഹാൻ പറഞ്ഞു. സംഭവത്തിൽ അധ്യാപികയ്ക്ക് പങ്കില്ല, വിദ്യാർത്ഥികൾ തമ്മിലാണ് ഇത് ചെയ്‌തത്. എന്തായാലും ഈ വിഷയത്തിൽ തങ്ങൾ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top