അമേരിക്ക ഏറ്റെടുത്താൽ പലസ്തീനികൾക്ക് അവകാശമുണ്ടാകില്ല; ഗാസ വിഷയത്തിൽ വീണ്ടും ട്രംപിൻ്റെ വിവാദ നിലപാട്

പലസ്തീനി‌ലെ ഇരുപത് ലക്ഷം ജനങ്ങൾക്ക് മികച്ച പാർപ്പിട സൗകര്യം അറബ് രാജ്യങ്ങളിൽ ഒരുക്കും

വാഷിങ്ടൺ : ​അമേരിക്ക ഏറ്റെടുത്താൽ ഗാസയിൽ പിന്നീട് പലസ്തീൻ ജനതയ്ക്ക അവകാശമുണ്ടാവില്ലെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിനാണ് ട്രംപിന്റെ പരാമർശം. പലസ്തീനി‌ൽ ശേഷിക്കുന്ന ഇരുപത് ലക്ഷം ജനങ്ങൾക്ക് മികച്ച പാർപ്പിട സൗകര്യം അറബ് രാജ്യങ്ങളിൽ ഒരുക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസിൽ നടത്തുന്ന കൂടികാഴ്ചയിൽ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെടും.

​ഗാസ ഏറ്റെടുക്കുമെന്ന് നേരത്തെയും ട്രംപ് വ്യക്തമാക്കിയിരുന്നു. ​ഗാസ റിയൽ എസ്റ്റേറ്റ് സ്ഥലമാണെന്നും അമേരിക്ക അത് സ്വന്തമാക്കിയ ശേഷം മനോഹരമായി പുനർ നിർമ്മിക്കുമെന്നുമായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഗാസ ഏറ്റെടുക്കുന്നത് ആദ്യമായി വെളിപ്പെടുത്തിയത് . വൈറ്റ് ഹൗസിൽ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ട്രംപ് ഇക്കാര്യം വ്യക്തമാക്കിയെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.. 

ഗാസയെ യുഎസ് ഏറ്റെടുക്കുമെന്നും പ്രദേശത്തെ എല്ലാ ബോംബുകളും ആയുധങ്ങളും നിർവീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും തയ്യാറാണെന്നും ട്രംപ് പറഞ്ഞിരുന്നു . ഗാസയിൽ പുതിയ ഭവനങ്ങളും തൊഴിലുകളും സൃഷ്ടിക്കും. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റും. ഇത് വെറുതെ പറയുന്നതല്ലെന്നും. താൻ പങ്കുവെച്ച ആശയം എല്ലാവർക്കും ഇഷ്ടമായിയെന്നും ട്രംപ് പറഞ്ഞിരുന്നു. ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അങ്ങോട്ട് അയയ്‌ക്കേണ്ടി വന്നാൽ അതും ചെയ്യും ട്രംപ് പറഞ്ഞിരുന്നു.

ഗാസയില്‍ തുടരാനുളള പലസ്തീനികളുടെ ആഗ്രഹം ലോക നേതാക്കള്‍ മാനിക്കണമെന്ന് പലസ്തീന്‍ യുഎന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ പ്രതികരിച്ചിരുന്നു. തകര്‍ക്കപ്പെട്ടെങ്കിലും ഗാസ തങ്ങളുടെ മാതൃരാജ്യമാണെന്നും റിയാദ് മന്‍സൂര്‍ കൂട്ടിച്ചേർത്തു. പലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന നിര്‍ദേശം നിരസിക്കുന്നതയായി സൗദി അറേബ്യയും അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top